ബൊഗോട്ട: ലോകത്തെ പ്രധാന നഗരങ്ങളിലെല്ലാം ക്രിസ്മസിന് മുന്നോടിയായുള്ള ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിൽ ആഘോഷങ്ങളിലെ പ്രധാന ആകർഷണമാണ് ക്രിസ്മസ് ട്രെയിനുകൾ. ക്രിസ്മസ് രാവുകൾക്ക് നിറം പകർന്ന് ബൊഗോട്ടയിൽ ക്രിസ്മസ് ട്രെയിനുകൾ ചൂളംവിളിച്ച് പായുകയാണ്.
പുക തുപ്പി മണിയടിച്ച് പാഞ്ഞെത്തുന്ന എഞ്ചിനുകൾ. യാത്രക്കാരെ തിരക്കുകളിൽ നിന്ന് പഴയ ക്രിസ്മസ് ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ട്രെയിനുകൾ വർണ ബൾബുകളാലും, തോരണങ്ങളാലും അലങ്കരിച്ചിട്ടുണ്ടാവും. ട്രെയിനിൽ നിന്ന് നോക്കുമ്പോൾ തെരുവുകളിൽ അതിമനോഹരമായ കാഴ്ച കാണാം.
ബൊഗോട്ടയിലെ സബാന മേഖലയിലൂടെ സിപാക്വിറ, കഹിക തുടങ്ങിയ സമീപ പട്ടണങ്ങളിലേക്കാണ് ട്രെയിൻ സർവീസ്. രാത്രി യാത്രയാണ് ഏറ്റവും മനോഹരം. ട്രെയിനിനുള്ളിൽ പ്രാദേശിക കലാകാരൻമാർ ആലപിക്കുന്ന കരോൾ ഗാനങ്ങളും പരമ്പരാഗത ക്രിസ്മസ് ഗാനങ്ങളുമെല്ലാം യാത്രക്കാരെ ആവേശഭരിതരാക്കും.
നൃത്തവും പാട്ടുകളുമായി നീങ്ങുന്ന യാത്ര ഒരു കൊച്ചു ക്രിസ്മസ് പാർട്ടിയുടെ പ്രതീതിയാണ് നൽകുന്നത്. തണുത്ത രാത്രിയിൽ ചൂട് ചോക്ലേറ്റും, കൊളംബിയൻ പലഹാരങ്ങളും നുണഞ്ഞ് ട്രെയിൻ യാത്ര ആഘോഷിക്കുകയാണ് എല്ലാവരും. നവംബർ അവസാനം മുതൽ ജനുവരി ആദ്യവാരം വരെയാണ് ക്രിസ്മസ് ട്രെയിൻ സർവീസ് നടത്തുക.