പുതിയ നിയന്ത്രണങ്ങളുമായി ട്രായ്; സിം കാർഡ് മാറ്റുന്നവർ അറിഞ്ഞിരിക്കുക!

ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്ന നടപടിയിലാണ് ട്രായ് പുതിയ മാനദണ്ഡം കൊണ്ടു വന്നിരിക്കുന്നത്.
പുതിയ നിയന്ത്രണങ്ങളുമായി ട്രായ്; സിം കാർഡ് മാറ്റുന്നവർ അറിഞ്ഞിരിക്കുക!
Published on

മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങളുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് (യുപിസി) അനുവദിക്കുന്ന നടപടിയിലാണ് ട്രായ് പുതിയ മാനദണ്ഡം കൊണ്ടു വന്നിരിക്കുന്നത്. പുതിയ ചട്ടപ്രകാരം നമ്പർ മാറ്റാതെ പുതിയ സിം എടുക്കുന്നവർക്ക് ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല.

മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ നിലവിലുള്ള നടപടി ക്രമങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയത് അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് നഷ്ടപ്പെട്ട സിം കാർഡിലെ നമ്പർ പുതിയ സിമ്മിലേക്കു മാറ്റിയശേഷം കണക്ഷൻ മാറ്റുന്നതിന് ഏഴ് ദിവസം വരെ കാത്തിരിക്കണം. എഴു ദിവസം കഴിഞ്ഞ് യുപിസി ലഭിക്കാതെ പുതിയ കണക്ഷൻ പ്രവർത്തന സജ്ജമാകില്ല. തട്ടിപ്പുകൾ തടയുക, പോർട്ടബിലിറ്റി നടപടിക്രമങ്ങളിൽ ഉപഭോക്താവിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് മാറ്റങ്ങൾ.

 2024 മാർച്ച് 14 ന് കൊണ്ടുവന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചട്ടങ്ങളിലെ ഒമ്പതാം ഭേദഗതിയാണ് ഇന്ന് മുതൽ ( 2024 ജൂലൈ 1 ) നിലവിൽ വരുന്നതെന്ന് ട്രായ് അറിയിച്ചു. സിം സ്വാപ്പ്, റീപ്ലേസ്‌മെന്റ് പോലുള്ള തട്ടിപ്പുകൾ നിരീക്ഷിക്കുന്നതിന് ഇത് സഹായകമാകും. ഉപഭോക്താവ് അറിയാതെ തന്നെ അവരുടെ സിം കാർഡുകൾ നഷ്ടമായതായി കാണിച്ച് തട്ടിപ്പുകാർ പുതിയ സിം കാർഡുകൾ കൈപ്പറ്റുന്നുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് ട്രായ് പുതിയ നിയമ ഭേദഗതി കൊണ്ടുവന്നത്. 

പലപ്പോഴും ഫോൺ പ്രവർത്തനരഹിതമായ ശേഷമാകും ഉപഭോക്താവ് തട്ടിപ്പ് തിരിച്ചറിയുന്നത്. പ്രധാനമായും സാമ്പത്തിക ക്രമക്കേടിനാണ് സിം കാർഡുകളിൽ തട്ടിപ്പ് നടത്തുന്നത്. നമ്പർ പോർട്ട് ചെയ്ത കാര്യം അറിഞ്ഞ് വരുമ്പോഴേക്കും ഉപഭോക്താവിന് അക്കൗണ്ടിലെ പണം നഷ്ടമായിട്ടുണ്ടാകും. ഇനിയേതായാലും നമ്പർ മാറ്റാതെ പുതിയ സിം എടുത്തശേഷം ഏഴ് ദിവസം കഴിയാതെ യു.പി.സി. നൽകില്ല. അതിനിടയിൽ ഉപഭോക്താവിന് കണക്ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചറിയാവുന്നതാണ്. അതേ സമയം, 3 ജിയിൽനിന്നും മറ്റും 4 ജിയിലേക്കോ 5 ജിയിലേക്കോ അപ്‌ഗ്രേഡ് ചെയ്യുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് ട്രായ് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com