
ഗൂഗിളിൻ്റെ മാതൃസ്ഥാപനമായ ആൽഫബെറ്റുമായുള്ള 23 ബില്യൺ ഡോളർ കരാർ പിൻവലിച്ച് യുഎസ് സൈബർ സുരക്ഷാ സ്റ്റാർട്ടപ്പായ വിസ്. കമ്പനി വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി മറ്റ് കമ്പനികൾക്ക് അവസരം നൽകുകയാണെന്ന് വിസ് സിഇഒ അസഫ് റാപ്പപോർട്ട് പറഞ്ഞു. വാർഷിക വരുമാനം ഒരു ബില്യൺ ഡോളറിലധികമുള്ള കമ്പനികൾക്കാണ് പുതുതായി അവസരം നൽകുന്നത്.
ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലെ ഗുരുതരമായ അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് പരിഹരിക്കാൻ കമ്പനികളെ സഹായിക്കുന്ന ക്ലൗഡ് അധിഷ്‌ഠിത സൈബർ സുരക്ഷാ സ്റ്റാർട്ടപ്പാണ് വിസ്. 23 ബില്യൺ ഡോളറിന് വിസ് ഏറ്റെടുക്കാൻ ആൽഫബെറ്റ് വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി പുതിയ കമ്പനികൾക്ക് അവസരം ഒരുക്കണമെന്നാണ് വിസ് സിഇഒ അസഫ് റാപ്പപോർട്ടിൻ്റെ പക്ഷം. ഒപ്പം എആർആറിലും(ആനുവൽ റിക്കറിങ്ങ് റവന്യു) ഐപിഒയിലും(ഇനിഷ്യൽ പബ്ലിക്ക് ഓഫറിങ്ങ്) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. അതിനായി വാർഷിക വരുമാനം ഒരു ബില്യൺ ഡോളറിളധികമുള്ള കമ്പനികളെയാണ് വിസ് ലക്ഷ്യമിടുന്നത്.
ഗൂഗിളിൻ്റെ പേര് പറയാതെയുള്ള പുതിയ മെമ്മോ സൈബർ ലോകത്ത് വലിയ രീതിയിലുള്ള ചർച്ചകൾ സൃഷ്ടിച്ചിട്ടുണ്ട്. തീരുമാനത്തിൽ വിശ്വാസമുണ്ടെന്നും ഈ ടീമിനൊപ്പം മികച്ച വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും അസഫ് പറയുന്നു. കഴിഞ്ഞ വർഷം 33 ബില്യൺ ഡോളറിലധികം വരുമാനമാണ് ക്ലൗഡ് ബിസിനസ്സിലൂടെ ഗൂഗിൾ കൈവരിച്ചത്. ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിൽ വൻ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്ന ഗൂഗിളിന് കരാർ പിൻവലിക്കാനുള്ള വിസ്സിൻ്റെ തീരുമാനം തിരിച്ചടിയാകും. എന്നാൽ കരാർ പിൻമാറ്റത്തെ കുറിച്ച് ഇരുകമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.