
ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിവസം വിപണിയിലുണ്ടാകുന്ന തിരക്കാണ് ഉത്രാടപ്പാച്ചില്‍. തിരുവോണത്തിൻ്റെ സദ്യക്കായുള്ള വട്ടം കൂട്ടാൻ ഉത്രാട ദിവസം മലയാളികൾ കടകളിലേക്ക് ഓടുന്ന ദിനം. പച്ചക്കറി കടകളിലും പലവ്യഞ്ജന കടകളിലും തുണിക്കടകളിലും നിന്നു തിരിയാനാവാത്ത തിരക്കുള്ള ദിവസം.രാത്രി ഏറെ വൈകും വരെയും സജീവമായിരിക്കും എന്നതാണ് ഉത്രാട വിപണിയുടെ പ്രത്യേകത.
പണ്ട് ഗ്രാമച്ചന്തകളിലെ തിരക്കായിരുന്നു ഉത്രാടപാച്ചിലെങ്കില്‍ ഇന്നത് നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. മാളുകളും ഓൺലൈൻ വെബ്സൈറ്റുകളും ഉത്രാടപാച്ചിലിന്റെ പുത്തന്‍ ഇടങ്ങളായും മാറിക്കഴിഞ്ഞു. ഓര്‍ഡര്‍ കിട്ടിയ സാധനങ്ങളുമായി ഉപഭോക്താക്കളുടെ വീട് തേടി പോകുന്ന കച്ചവടക്കാരുടെ ന്യൂജന്‍ ഉത്രാടപാച്ചിലാകും ഈ കാലം.
അതേസമയം, പണ്ട് നാടൻ പൂക്കളാൽ പൂക്കളമൊരുക്കി, മണ്‍തറയില്‍ ചാണകമെഴുതി പൂത്തറയൊരുക്കിയ കാലമെല്ലാം കടന്നു പോയി. ഇന്ന് നാടൻ പൂക്കൾ ഗ്രാമത്തിൽ പോലും കാണാൻ കിട്ടാത്ത അവസ്ഥയാണ്.
തുമ്പയും തെച്ചിയും മുക്കുറ്റിയും കണ്ണാന്തളിയും കൃഷ്ണകിരീടവും കാശിത്തുമ്പയുമൊക്കെ അത്തപ്പൂക്കളങ്ങളില്‍ കാണാനില്ലാതായി. ജമന്തിയും ഡാലിയയും ചെണ്ടുമല്ലിയും, അരളിയും പലതരം റോസാപ്പൂക്കളുമാണ് ഇപ്പോൾ അത്തപ്പൂക്കളത്തിൽ ഇടം പിടിക്കുന്നത്. അന്യസംസ്ഥാന പൂക്കൾ മാത്രമേ പൂ ചന്തകളിൽ പോലും കാണാൻ കഴിയൂ.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, തമിഴ്‌നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പാര്‍ വടകരൈ എന്നിവിടങ്ങളാണ് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പൂക്കള്‍ നിറയ്ക്കുന്നത്. കേരളത്തിന്റെ ഓണം പൂ വിപണി കൈയ്യടക്കാൻ അന്യ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളാണ് മാസങ്ങൾ മുന്നേ പൂ കൃഷിക്കൊരുങ്ങുന്നത്.
വ്യാപാരികള്‍ക്ക് പൂക്കളുടെ മാത്രമല്ല കച്ചവടത്തിന്റെയും വസന്തകാലമാണ് ഓണം. പുത്തന്‍ വസ്ത്രങ്ങള്‍ കൂടാതെ ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, പലചരക്ക്, പച്ചക്കറി വ്യാപാരങ്ങളെല്ലാം ഓണക്കാലത്ത് പൊടി പൊടിക്കും. എവിടെ നോക്കിയാലും ഡിസ്‌കൗണ്ട് മേളകൾ. തങ്ങളുടെ ഉല്പന്നങ്ങള്‍ പരമാവധി വിറ്റഴിയ്ക്കാന്‍ എത്രത്തോളം വിലകുറയ്ക്കാമെന്ന മത്സരത്തിലാകും നിർമാതാക്കളും വിപണനക്കാരും.
എക്‌സ്‌ചേഞ്ച് മേളകളും കോംബോ ഓഫറുകളും നൽകിയാണ് ഇലക്ട്രോണിക്‌സ് ഗൃഹോപകരണ വിഭാഗം കച്ചവടക്കാര്‍ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്. വമ്പന്‍ വിലക്കുറവുകളും ക്യാഷ് ബാക്കുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനുളള എല്ലാ തന്ത്രങ്ങളും കമ്പോളത്തിൽ സജീവമാണ്. ടി.വി., ഫ്രിഡ്ജ്, വാഷിംങ് മെഷീന്‍, ഓവനുകള്‍, നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍, മിക്‌സി തുടങ്ങി ഗൃഹോപകരണങ്ങളുടെയും ഫോണുകളുടെയും പുത്തന്‍ മോഡലുകളുമായി ഉപഭോക്താക്കളെ കൈയ്യിലെടുക്കാനുള്ള പരസ്യങ്ങളാണ് മാധ്യമങ്ങൾ നിറയെ.