
പ്രമുഖ കളിപ്പാട്ട നിർമ്മാതാക്കളായ മറ്റേൽ തങ്ങളുടെ അറുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് വീനസ് വില്യംസ് , കനേഡിയൻ സോക്കർ താരമായ ക്രിസ്റ്റൈൻ സിൻക്ലെയർ എന്നിവരടങ്ങുന്ന 9 വനിത കായിക താരങ്ങളുടെ ബാർബി പാവകൾ പുറത്തിറക്കി.
ഏഴ് തവണ ഗ്രാൻസ്ളാം നേടിയ വീനസ് വില്യംസ് തന്റെ റാക്കറ്റും വൈസർ തൊപ്പിയുമായി ടെന്നീസ് വേഷത്തിൽ നിൽക്കുന്ന രീതിയിലാണ് പാവ നിർമ്മിച്ചിരിക്കുന്നത്. പുത്തൻ തലമുറയ്ക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാവകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ബാർബി പാവകളുടെയും കളിപ്പാട്ട നിർമ്മാണത്തിന്റെയും മേധാവിയായ ക്രിസ്റ്റ ബെർജർ പറഞ്ഞു . "തങ്ങളുടെ ആഗ്രഹങ്ങളുടെ പുറകെ സഞ്ചരിക്കാനും സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുവാനും പെൺകുട്ടികളെ പ്രചോദിപ്പിക്കാൻ ഈ വനിതകളുടെ ജീവിതം സഹായകമാവും." ഈ പാവകൾ കമ്പനി മുന്നോട്ട് വയ്ക്കുന്ന ആശയത്തിന്റെ പ്രതീകങ്ങൾ മാത്രമായിരിക്കും, വില്പനയ്ക്ക് ഉണ്ടാവുകയില്ല.
ടെന്നീസ് താരമായ വീനസ് വില്യംസിന്റേത് കൂടാതെ ബ്രസീലിയൻ ജിംനാസ്റ്റ് റെബേക്ക ആൻഡ്രേഡ്, മെക്സിക്കൻ ജിംനാസ്റ്റ് അലക്സാ മൊറേനോ, ഓസ്‌ട്രേലിയൻ സോക്കർ താരം മേരി ഫ്ലോവർ, ഫ്രഞ്ച് ബോക്‌സർ എസ്തേൽ മോസ്‌ലി, ഇറ്റാലിയൻ നീന്തൽ താരം ഫെഡറിക്ക പെല്ലെഗ്രിനി, സ്പാനിഷ് പാരട്രൈയത്‌ലറ്റ് സൂസന്ന റോഡ്രിഗസ്, പോളിഷ് ട്രാക്ക് ആൻഡ് ഫീൽഡ് താരം ഈവ സ്വൊബോഡ എന്നിവരുടേതാണ് മറ്റേൽ പുറത്തിറക്കിയ മറ്റ് പാവകൾ .