
ഫാഷൻ ലോകത്ത് അമ്പരപ്പിക്കുന്ന പരീക്ഷണങ്ങളാണ് ദിനം പ്രതി നടക്കുന്നത്. സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ വസ്ത്രങ്ങളിലടക്കം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. വിവിധ തരം തുണികൾ എന്നതിൽ നിന്നെല്ലാം വസ്ത്ര സങ്കൽപ്പങ്ങൾ മുന്നോട്ടു പോയിട്ട് കാലം കുറച്ചായി, കല്ലും, മരവും, പേപ്പറും, എന്തിന് പൂക്കളും, പഴങ്ങളും വരെ ഈ പരീക്ഷണത്തിൽ കടന്നുവന്നിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മീൻ വസ്ത്രമാണ്.
മീനെന്നു പറയുമ്പോൾ അത്യപൂർവതരം മീനുകളൊന്നുമല്ല കേട്ടോ. നമ്മുടെ പാവം മത്തി അഥവാ ചാളയാണ് താരം. മൺഡേ ഫാഷന്‍ ക്രേസി എന്ന കുറിപ്പോടെ ഇൻസ്റ്റയിൽ പങ്കുവച്ച വീഡിയോയില്‍ ഒരു യുവാവ് ചാള / മത്തി കോര്‍ത്തെടുത്ത ഒരു വസ്ത്രം ധരിച്ച് തെരുവിലൂടെ നടക്കുന്നതായിരുന്നു ഉണ്ടായിരുന്നത്.
നൂറുകണക്കിന് മത്തികൾ കമ്പിൽ ഞൊറിവിട്ട് കോർത്ത് ഫ്രോക്ക് മോഡൽ വസ്ത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാഷൻ ഒട്ടും കുറയണ്ട എന്നു കരുതി ഒരു വലിയ മീൻ കമ്പിയിൽ കോർത്ത് ഹാൻഡ് ബാഗ് മോഡലിൽ കയ്യിൽ തൂക്കിയിരിക്കുന്നു. നെഞ്ച് മുതല്‍ മുട്ടോളം എത്തുന്ന തരത്തിലാണ് കമ്പിയില്‍ മത്തി കോര്‍ത്തിരുന്നത്. ഒരോ അടുക്കുകളായി അടുക്കി വച്ച നിലയിലായിരുന്നു മത്തി കൊണ്ടുള്ള വസ്ത്രം. കഴുത്തില്‍ മത്സ്യങ്ങള്‍ കോർത്ത് നിര്‍മ്മിച്ച ഒരു മാലയും ഇയാള്‍ ധരിച്ചിട്ടുണ്ട്.
50 ലക്ഷത്തിലധികം പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. പ്രോത്സാഹിപ്പിച്ചും, ട്രോളിയും, വിമർശിച്ചുമെല്ലാം നിരവധിപ്പേർ കമൻ്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്. ആ നാട്ടിൽ പൂച്ചകളില്ലേ എന്നും ചിവ വിരുതൻമാർ ചോദിച്ചിട്ടുണ്ട്. ക്യാറ്റ് വാക്കും , മൂൺവാക്കുമെല്ലാം കടന്ന് ഫിഷ്വാക്കിലെത്തി നിൽക്കുമ്പോൾ ഫിഷ്, ഫാഷന്‍ എന്നീ രണ്ട് വാക്കുകള്‍ കൂട്ടിചേര്‍ത്ത് 'ഫിഷന്‍' എന്ന പുതിയൊരു വാക്ക് തന്നെ വീഡിയോയ്ക്ക് താഴെ എഴുതിച്ചേർത്തിട്ടുണ്ട്.