
ശരീരവും സൗന്ദര്യവും സംരക്ഷിക്കാന്‍ പട്ടിണി കിടക്കുന്നവരും, ഇഷ്ടഭക്ഷണം ഒഴിവാക്കുന്നവരുമാണോ നിങ്ങള്‍? എങ്കില്‍ ഒന്നറിഞ്ഞോളൂ, സ്വഭാവിക സൗന്ദര്യം നിങ്ങളെ വിട്ട് അകലുകയാണ്. ആരോഗ്യത്തിനെന്നപോലെ, നിങ്ങളുടെ സൗന്ദര്യം നിര്‍ണയിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ഭക്ഷണത്തിന് വലിയ പങ്കുണ്ട്. എന്ത്, എങ്ങനെ കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്‍ ഏറെ പ്രധാനം വൈറ്റമിന്‍ ആണ്. അതുകൊണ്ട് വൈറ്റമിന്‍ എ, ബി കോംപ്ലക്സ്, വൈറ്റമിന്‍ സി, ഡി, ഇ എന്നിവ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
വൈറ്റമിന്‍ എ
കണ്ണുകളുടെയും മുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യം. ചര്‍മത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കാനും വൈറ്റമിന്‍ എ-യ്ക്ക് സാധിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ചര്‍മത്തിന് തിളക്കം കൂട്ടും, ഡ്രൈ സ്കിന്‍, താരന്‍, ചുളിവുകള്‍ എന്നിവയ്ക്കെതിരെയും പ്രവര്‍ത്തിക്കും. നഖങ്ങള്‍ക്ക് താഴെയുള്ള ചര്‍മം ഉരിഞ്ഞു പോകുക, മുഖക്കുരു, ദുര്‍ബലവും വരണ്ടതുമായ മുടി, തളര്‍ച്ച തോന്നുന്ന കണ്ണുകള്‍ എന്നിവയ്ക്ക് വൈറ്റമിന്‍ എ-യുടെ കുറവ് കാരണമാകും.
കാരറ്റ്, പച്ച നിറമുള്ള ഇലക്കറികള്‍, പപ്പായ, മത്തങ്ങ, തക്കാളി എന്നിവ വൈറ്റമിന്‍ എ ധാരാളം അടങ്ങിയ പച്ചക്കറികളാണ്. മുട്ടയും പാല്‍ ഉല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും വൈറ്റമിന്‍ എ-യുടെ കുറവ് നികത്തും.
വൈറ്റമിന്‍ ബി കോംപ്ലക്‌സ്
യുവത്വം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പോഷകം. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെയും ബലത്തെയും വര്‍ധിപ്പിക്കാന്‍ ബി കോംപ്ലക്‌സ് സഹായിക്കും. ഡെര്‍മാറ്റൈറ്റിസ് രോഗബാധിതരില്‍ 40 ശതമാനം പേരിലും ബി കോംപ്ലക്സിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ബലമില്ലാത്ത മയം കൂടുതലുള്ള മുടി, അത് മൂലമുണ്ടാകുന്ന താരന്‍, ചുണ്ടുകളുടെ വരള്‍ച്ച, മുടിയുടെ വളര്‍ച്ചക്കുറവ് എന്നിവയ്ക്ക് ബി കോംപ്ലക്സിന്റെ കുറവ് കാരണമാകും.
തോട് കളയാത്ത പയര്‍വര്‍ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവയില്‍ നിന്നു വൈറ്റമിന്‍ ബി കോംപ്ലക്‌സ് ധാരാളമായി ലഭിക്കും. ഇക്കൂട്ടത്തില്‍ ഗോതമ്പ് പ്രധാനപ്പെട്ട ധാന്യമാണ്. കശുവണ്ടിപ്പരിപ്പ്, ബദാം തുടങ്ങിയവയിലും ഇറച്ചി, കരള്‍ എന്നിവയിലും പച്ച ഇലക്കറികളിലും ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ സി
പല്ലുകളുടെ ആരോഗ്യത്തിന് പ്രധാനം. പല്ലിലുണ്ടാകുന്ന പാടുകള്‍, നിറക്കുറവ്, മോണകളില്‍ നിന്ന് രക്തം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ വൈറ്റമിന്‍ സി-യുടെ കുറവ് കൊണ്ട് ഉണ്ടാകാം. മുറിവുകള്‍ വേഗം ഉണങ്ങുന്നതിനും, അലര്‍ജി, അണുബാധ എന്നിവ പ്രതിരോധിക്കുന്നതിനും വൈറ്റമിന്‍ സി സഹായിക്കും. പച്ച നിറമുള്ള പച്ചക്കറികള്‍, ബ്രോക്കോളി, കാബേജ്, പച്ച കുരുമുളക്,തക്കാളി എന്നിയും നാരങ്ങ, ഓറഞ്ച്, മുന്തിരി, ചെറി, എന്നീ പഴങ്ങളും, ഉരുളക്കിഴങ്ങും വൈറ്റമിന്‍ സി-യുടെ കലവറയാണ്.
വൈറ്റമിന്‍ ഡി
പല്ല്, എല്ല്, ചര്‍മ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഘടകമാണ് വൈറ്റമിന്‍ ഡി. രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് വൈറ്റമിന്‍ ഡി-യുടെ കുറവ് നികത്തും. കരള്‍, ചൂര, പാല്‍, വെണ്ണ, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവ വൈറ്റമിന്‍ ഡി ധാരാളമായി ലഭിക്കുന്ന ഭക്ഷണമാണ്. മീന്‍ എണ്ണകളിലും വൈറ്റമിന്‍ ഡി വലിയ തോതിലുണ്ട്.
വൈറ്റമിന്‍ ഇ
ചര്‍മത്തില്‍ വെയിലേല്‍ക്കുകയും മുറിയുകയും മറ്റും ചെയ്യുന്നതിലൂടെ ഉണ്ടാക്കുന്ന പാടുകള്‍, വെളുത്തതും കറുത്തതുമായ മറ്റ് പാടുകള്‍, എന്നിവ കുറയ്ക്കുകയും ചര്‍മത്തിന് മൃദുത്വവും ഈര്‍പ്പവും നല്‍കുന്നതും വൈറ്റമിന്‍ ഇ ആണ്. ചെറുപ്രായത്തില്‍ തന്നെ വൈറ്റമിന്‍ ഇ-യുടെ നില ശരീരത്തില്‍ തൃപ്തികരമാണെങ്കില്‍ പ്രായം ഏറി വരുമ്പോഴും ചര്‍മത്തിന് യുവത്വം നഷ്ടപ്പെടാതിരിക്കും. ഗോതമ്പില്‍ നിന്ന് തയ്യാര്‍ ചെയ്ത ബ്രഡ്, റെസ്ക്ക്, തവിട് കളയാത്ത ധാന്യങ്ങള്‍ വേവിയ്ക്കാത്ത മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, നട്‌സ്, സോയാബീന്‍, സസ്യ എണ്ണകള്‍, സൂര്യ കാന്തി എണ്ണ, ബ്രോക്കോളി എന്നിവയില്‍ നിന്ന് വൈറ്റമിന്‍ ഇ ധാരാളമായി ലഭിക്കും. കരള്‍, മുട്ടയുടെ മഞ്ഞക്കരു, വെണ്ണ, പാല്‍ എന്നിവയിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ഈ വൈറ്റമിനുകള്‍ ഭക്ഷണത്തില്‍ ഉറപ്പാക്കണം. അല്ലായെങ്കില്‍ ഇവ പ്രത്യേകമായി കഴിക്കേണ്ടി വരും. കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് അവ ലഭിക്കുന്നില്ലെങ്കില്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാം. പ്രമേഹം , രക്താതിസമ്മര്‍ദം, തൈറോയ്‌ഡ് എന്നിങ്ങനെ അസുഖമുള്ളവര്‍ അക്കാര്യം കൂടി പറഞ്ഞിട്ടുവേണം സപ്ലിമെന്റുകള്‍ ഉപയോഗിക്കാന്‍.