

പ്രേതങ്ങളിലും അമാനുഷിക പ്രതിഭാസങ്ങളിലുമെല്ലാം വിശ്വാസമുള്ളവരാണോ നിങ്ങള്‍? അങ്ങനെയുള്ളവരില്‍ കൗതുകമുണർത്തുന്ന ഒരു എക്സിബിഷന്‍ ലണ്ടനിലുണ്ട്. ഡാർക്ക് സീക്രട്ട്സ് എന്ന പേരിലെ ഈ പ്രദർശനത്തില്‍, ശപിക്കപ്പെട്ടതെന്ന് കരുതുന്ന പ്രേതപാവകള്‍ മുതല്‍ ആമസോണ്‍ ഗോത്രവിഭാഗങ്ങള്‍ വിജയമുദ്രയായി സൂക്ഷിക്കുന്ന തലയോട്ടികൾ വരെ കാണാം.
ലോകത്തിന്‍റെ പല കോണുകളില്‍ നിന്ന് ശേഖരിച്ച നിഗൂഢവും അമാനുഷികവുമായി വസ്തുക്കളുടെ ശേഖരമാണിത്. 'ഡാർക്ക് സീക്രട്ട്സ്' എന്ന് പേരിട്ടിരിക്കുന്ന ലണ്ടനിലെ ഈ എക്സിബിഷനില്‍ 27 മുറികളിലായി അനബെല്ലയുടെ കൂട്ടുകാരായ പ്രേതപാവകളും, പലനൂറ്റാണ്ടുകള്‍ പഴക്കമുള്ള ദുർമന്ത്രവാദ വസ്തുക്കളും, തലയോട്ടികളും, ഇരുതലയുള്ള ചെന്നായയും ഉൾപ്പെടെ ആയിരത്തോളം പ്രദർശന വസ്തുക്കളുണ്ട്.
ഫോറൻസിക് നരവംശശാസ്ത്രജ്ഞനും, മാന്ത്രികനുമായ മാറ്റിയോ ബോറിനിയാണ് പ്രദർശനത്തിന്‍റെ മേല്‍നോട്ടക്കാരന്‍. മിത്തുകള്‍ക്കും ഐതീഹ്യങ്ങള്‍ക്കും പിന്നിലെ ചരിത്രവും സാംസ്കാരിക സ്വാധീനവുമെല്ലാമാണ് പ്രദർശനത്തില്‍ വിഷയമാകുന്നത്. ഓജോ ബോർഡ് പേലെയുള്ള കണ്‍കെട്ടുകളെ തുറന്നുകാണിക്കുക കൂടിയാണ് പ്രദർശനത്തിൻ്റെ ഉദ്ദേശ്യം.
വ്ളാഡിമിർ ഡെമിക്കോവ് എന്ന സോവിയറ്റ് സർജനുണ്ടാക്കിയ ഇരുതല ചെന്നായയാണ് എക്സിബിഷനിലെ മറ്റൊരു കൗതുകം. ഒരു ചെന്നായയുടെ ശരീരത്തില്‍ മറ്റൊന്നിന്‍റെ തല ചേർത്തുവെച്ച ഈ ശാസ്ത്രപരീക്ഷണം കാണികളില്‍ ചെറുതല്ലാത്ത അസ്വസ്ഥതയുണ്ടാക്കും. തന്‍റെ സൃഷ്ടി കുറച്ചുദിവസം ജീവനോടെയുണ്ടായിരുന്നു എന്ന് ഡെമികോവ് അവകാശപ്പെട്ടിരുന്നു. ഒക്ടോബർ 11ന് ആരംഭിച്ച പ്രദർശനം അടുത്തവർഷം മെയ്യിലാണ് അവസാനിക്കുക.