ദീർഘായുസിനും മാനസിക സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി പലകാര്യങ്ങളും പയറ്റുന്നവരാണ് നമ്മൾ. ഇതിനായി വളരെ എളുപ്പമുള്ള ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. സംഭവം ഇവിടെയല്ല അങ്ങ് ജപ്പാനിലാണ്. എന്താണ് ആ മാർഗം എന്നല്ലേ... ജാപ്പനീസ് ഇന്റർവെൽ വാക്കിങ് എന്നാണ് ആ എളുപ്പവഴിയുടെ പേര്.
30 മിനിറ്റിലധികം ആവർത്തിക്കുന്ന മന്ദഗതിയിലുള്ളതും വേഗതയുള്ളതുമായ താളാത്മകമായ നടത്തമാണ് ജാപ്പനീസ് ഇന്റർവെൽ വാക്കിങ് എന്നത്. കേൾക്കുമ്പോൾ വളരെ ലളിതമായി തോന്നുമെങ്കിലും തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ ഇത് സ്വാധീനിക്കുന്നത് വലിയ തോതിലാണ്. കലോറി കത്തിച്ചുകളയുന്നതിനപ്പുറം, ഓർമ, ചിന്ത, ഇമോഷണൽ ബാലൻസ് എന്നിവയ്ക്കും ജാപ്പനീസ് ഇന്റർവെൽ വാക്കിങ് നല്ലതാണ്. എന്നാൽ ജാപ്പനീസ് ഇന്റർവെൽ വാക്കിങ് എന്നത് ഫിറ്റ്നസിനു വേണ്ടി ചെയ്യുന്ന ഒന്നല്ല.
അപ്പോൾ എന്താണ് ജാപ്പനീസ് ഇന്റർവെൽ വാക്കിങ്?
പതിവ് നടത്തത്തിൽ നിന്ന് വ്യത്യസ്തമായി രണ്ട് വേഗതകൾക്കിടയിൽ മാറിമാറി നടക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. മൂന്ന് മിനിറ്റ് സാധാരണ വേഗതയിലും, മൂന്ന് മിനിറ്റ് വേഗത്തിലുമാണ് ഇതിൽ നടത്തം ക്രമീകരിച്ചിരിക്കുന്നത്. ഇങ്ങനെ 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെഷൻ പൂർത്തിയാക്കാൻ ഈ ചക്രം അഞ്ച് തവണ ആവർത്തിക്കും.
ഫുകുവോക്ക സർവകലാശാലയിലെ ജാപ്പനീസ് എക്സസൈസ് സൈക്കോളജിസ്റ്റായ ഹിരോകി തനകയാണ് ഇത് വികസിപ്പിച്ചെടുത്തത്. മനുഷ്യശരീരം മാറിമാറി വരുന്ന താളാത്മകമായ നടത്തത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടെത്താനാണ് അദ്ദേഹം ഇത് പരീക്ഷിച്ചത്.
ഹൃദയത്തെയും ശ്വാസകോശത്തെയും ഏറ്റവും പ്രധാനമായി തലച്ചോറിനെയും ഉത്തേജിപ്പിക്കാൻ ഇതിന് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. പഠനങ്ങൾ പ്രകാരം ഈ രീതി തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ മെച്ചപ്പെടുത്തുന്നു. ഇത് ഓർമ, ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയവയേ മെച്ചപ്പെടത്തുന്നു. മികച്ച ഉറക്കം, മാനസികോന്മേഷം എന്നിവ കിട്ടാനും ജാപ്പനീസ് ഇന്റർവെൽ വാക്കിങ് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്.