ദിവസം മുഴുവനും ഫ്രഷ് ആയി ഇരിക്കുക എന്നത് നമ്മളിൽ പലരുടെയും ആഗ്രഹമാണ്. നല്ല സുഗന്ധം നിലനിർത്തുകയാണ് അതിൽ പ്രധാനം. എന്നാൽ ഇതിന് മികച്ച പെർഫ്യൂമുകളോ, ബോഡി സ്പ്രേകളോ മാത്രം പോരെന്നാണ് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നത്. രാവിലെ മുതൽ രാത്രി വരെ പുതുമയും ആത്മവിശ്വാസവും നിലനിർത്തുന്ന ഒരു ദിനചര്യ സൃഷ്ടിക്കുക എന്നതും ഇതിന്റെ ഭാഗമാണ്. അപ്പോൾ എങ്ങനെയാകും ഇത് സാധ്യമാകുക എന്നല്ലെ. ദിവസം മുഴുവൻ നല്ല സുഗന്ധം ലഭിക്കാനുള്ള പൊടിക്കൈകൾ ഇതാ..
1. ശുചിത്വത്തിന് മുൻഗണന നൽകുക
വ്യക്തി ശുചിത്വമാണ് എല്ലാത്തിൻ്റെയും അടിത്തറ. വിയർപ്പ്, അഴുക്ക്, ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകൾ എന്നിവ ഇല്ലാതാക്കാൻ കുളിക്കുമ്പോൾ മികച്ച ബോഡി വാഷോ, സോപ്പോ ഉപയോഗിക്കുക. കക്ഷം, കാലിടുക്കുകൾ, പാദങ്ങൾ തുടങ്ങി വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയുള്ള ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. ദുർഗന്ധം പിടിച്ചുനിർത്താൻ സാധ്യതയുള്ള മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനായി എക്സ്ഫോളിയേഷൻ പതിവായി ഉപയോഗിക്കുക. ഇത് ചർമത്തെ പുതുമയുള്ളതും വൃത്തിയുള്ളതുമായി നിലനിർത്തും.
2. സുഗന്ധദ്രവ്യങ്ങളുടെ ശരിയായ ഉപയോഗം
മികച്ച സുഗന്ധം ലഭിക്കുന്നതിനായുള്ള പ്രധാനകാര്യം സുഗന്ധദ്രവ്യങ്ങളുടെ ശരിയായ ഉപയോഗമാണ്. ഇതിനായി സുഗന്ധദ്രവ്യങ്ങളുടെ ലെയറിങ് ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ പെർഫ്യൂമിന് പൂരകമാകുന്ന സുഗന്ധമുള്ള ലോഷനോ ബോഡി ക്രീമോ വേണം ആദ്യം ഉപയോഗിക്കാൻ. കൈത്തണ്ട, കഴുത്ത്, ചെവിക്ക് പിന്നിൽ തുടങ്ങിയ പോയിന്റുകളിൽ വേണം ഇത് പുരട്ടാൻ. ഇവ ശരീരത്തിൽ ചൂട് നിലനിൽക്കുന്ന ഭാഗങ്ങളായതിനാൽ തന്നെ സുഗന്ധം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ ഉപയോഗിക്കുന്ന പെർഫ്യൂമുകളെ സ്വാഭാവികമായി തന്നെ ഉണങ്ങാൻ അനുവദിക്കുക. ഇത് സുഗന്ധം കൂടുതൽ നേരം നിൽക്കാൻ സഹായിക്കും.
3. ശരിയായ ഡിയോഡറന്റുകൾ തിരഞ്ഞെടുക്കുക
പുതുമ നിലനിർത്തുന്നതിൽ ഡിയോഡറന്റുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വിയർപ്പ് ഗ്രന്ഥികളെ തടയാതെ ദുർഗന്ധം ഫലപ്രദമായി നിർവീര്യമാക്കുന്ന ഡിയോഡറന്റുകൾ വേണം തെരഞ്ഞെടുക്കാൻ. സെൻസിറ്റീവ് ചർമത്തിന് പ്രകൃതിദത്തമായതോ, ഹൈപ്പോഅലോർജെനിക് ഓപ്ഷനുകളോ തെരഞ്ഞെടുക്കാവുന്നതാണ്. കുളി കഴിഞ്ഞയുടൻ തന്നെ വൃത്തിയുള്ളതും വരണ്ടതുമായ ചർമത്തിൽ ഡിയോഡറന്റ് പുരട്ടുന്നത് മികച്ച ഫലം നൽകും.
4. വസ്ത്രങ്ങൾ പുതുമയോടെ സൂക്ഷിക്കുക
നല്ല സുഗന്ധം ലഭിക്കുന്നതിൽ വസ്ത്രങ്ങളുടെ പങ്ക് വലുതാണ്. സുഗന്ധമുള്ള ഡിറ്റർജന്റുകൾ ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുന്നത് നല്ലതാണ്. സുഗന്ധം കൂടുതൽ നേരം നിലനിൽക്കാനായി ഫാബ്രിക് സോഫ്റ്റ്‌നറുകളോ ഡ്രയർ ഷീറ്റുകളോ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. കൂടാതെ സുഗന്ധമുള്ള ഔഷധസസ്യങ്ങളുടെ സാച്ചെറ്റുകളിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്നതും മികച്ച ഫലം നൽകും.