ചെടികള്‍ സംസാരിക്കും പ്രാണികള്‍ അത് കേള്‍ക്കും, തീരുമാനവുമെടുക്കും: പഠനം

സ്ട്രെസ് നാളുകളില്‍ ചെടികള്‍ അള്‍ട്രാ സോണിക് ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്ന് സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Freepik
Published on

ടെല്‍ അവീവ്: ചെടികളും പ്രാണികളും തമ്മില്‍ ശബ്ദത്തിലൂടെ ആശയവിനിമയം നടത്താറുണ്ടെന്ന് കണ്ടെത്തല്‍. ടെല്‍ അവീവ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരുടേതാണ് കണ്ടെത്തല്‍. തക്കാളിച്ചെടികളില്‍ മുട്ടയിടാറുള്ള പെണ്‍ നിശാശലഭങ്ങളെ നിരീക്ഷിച്ചാണ് ഗവേഷണസംഘത്തിന്റെ പുതിയ പഠന റിപ്പോര്‍ട്ട്. ജേണല്‍ ഇലൈഫില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകൃതിയിലെ ശബ്ദ ആശയവിനിമയത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് പുതിയ വാതായനം തുറക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

ടെല്‍ അവീവ് സര്‍വകലാശാലയിലെ ലൈഫ് സയന്‍സസിലെ പ്രൊഫസര്‍മാരായ യോസി യോവലിന്റെയും ലിലാച്ച് ഹദാനിയുടെയും ലബോറട്ടറികളില്‍ റിയ സെല്‍റ്റ്‌സറും ഗൈ സെര്‍ എഷലും ചേര്‍ന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. സ്ട്രെസ് നാളുകളില്‍ ചെടികള്‍ അള്‍ട്രാ സോണിക് ശബ്ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെന്ന് സംഘം നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ ഗവേഷണത്തിലാണ് ചെടികളും പ്രാണികളും തമ്മില്‍ ശബ്ദത്തിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്ന കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്.

പെണ്‍ നിശാശലഭങ്ങള്‍ സാധാരണയായി തക്കാളിച്ചെടിയിലാണ് മുട്ടയിടാറുള്ളത്. മുട്ട വിരിഞ്ഞുവരുന്ന ലാര്‍വകള്‍ക്ക് ഭക്ഷണം ലഭിക്കാനുള്ള സൗകര്യമാണ് ഇത്തരം തിരഞ്ഞെടുപ്പുകള്‍ക്ക് കാരണം. ആരോഗ്യമുള്ള രണ്ട് തക്കാളിച്ചെടികള്‍ പെണ്‍ നിശാശലഭങ്ങള്‍ക്കായി അനുവദിച്ചു. ഒന്നില്‍, നിര്‍ജലീകരണം സംഭവിച്ചതിനെത്തുടര്‍ന്ന് ഉണ്ടാകുന്നതുപോലുള്ള ശബ്ദം സ്പീക്കറില്‍നിന്ന് കേള്‍പ്പിച്ചു. മറ്റൊന്ന് നിശബ്ദമായിരുന്നു. പെണ്‍ നിശാശലഭങ്ങള്‍ നിശബ്ദമായിരിക്കുന്ന തക്കാളിച്ചെടിയാണ് തിരഞ്ഞെടുത്തത്. ശബ്ദം ഒരു സൂചനയായി സ്വീകരിച്ചാണ് പെണ്‍ നിശാശലഭങ്ങള്‍ മുട്ടയിടാന്‍ ഇടം തീരുമാനിച്ചതെന്ന് ഇതിലൂടെ മനസിലാക്കാനായി.

പ്രതീകാത്മക ചിത്രം
പ്രൊട്ടീൻ നല്ലതാ; പക്ഷെ പണി കിട്ടാതെ നോക്കണേ!

അതൊരു തുടക്കമായിരുന്നു. തുടര്‍ന്നുള്ള പരീക്ഷണങ്ങളില്‍, സസ്യങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ മാത്രമായിരുന്നു നിശാ ശലഭങ്ങളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതെന്ന് ഗവേഷക സംഘം സ്ഥിരീകരിച്ചു. ചെടികളില്‍നിന്നുണ്ടാകുന്ന ശബ്ദങ്ങള്‍ ലാര്‍വകളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്ന കണക്കുക്കൂട്ടലാണ് പെണ്‍ നിശാശലഭങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചത്. ചെടികളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ചില മൃഗങ്ങള്‍ക്കും തിരിച്ചറിയാനാകുന്നുണ്ടെന്ന് ഹഡാനി പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണ്. പ്രാണികളും മൃഗങ്ങളുമൊക്കെ മറ്റു ചെടികളോടും ഇത്തരത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടാകാമെന്നും ഹഡാനി കൂട്ടിച്ചേര്‍ത്തു.

സസ്യങ്ങള്‍ പുറപ്പെടുവിക്കുന്ന അള്‍ട്രാ സോണിക് ശബ്ദങ്ങള്‍ മനുഷ്യന്റെ കേള്‍വിക്ക് അപ്പുറമാണെങ്കിലും, ചില പ്രാണികള്‍ക്കും വവ്വാലുകള്‍ പോലുള്ള സസ്തനികള്‍ക്കും അവ കേള്‍ക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഗവേഷക സംഘം പുതിയ പഠനത്തിന് തുടക്കമിട്ടത്. കൃഷി, കീട നിയന്ത്രണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് പുതിയ കണ്ടെത്തല്‍ കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. വിളകളുടെ ആരോഗ്യവും പ്രാണികളുടെ സ്വഭാവവും ശബ്ദം തിരിച്ചറിഞ്ഞ് മനസിലാക്കുന്നതിനുള്ള സാധ്യതകള്‍ തുറക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com