ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

ഉഷ്‌ണതരംഗങ്ങൾ ശരീരത്തിൽ പെട്ടെന്ന് തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവയാണ്
ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?
Source: Social Media
Published on
Updated on

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം ഇതിനോടകം സൂര്യതാപം മൂലമുള്ള മരണങ്ങളും പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും, മധ്യ ഇന്ത്യയിലും അതീതീവ്ര ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് . കൂടാതെ AQ.in നടത്തിയ പഠനം അനുസരിച്ചുള്ള പുതിയ റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും ചൂടുള്ള 20 നഗരങ്ങളിൽ 19 എണ്ണവും ഇന്ത്യയിലാണ്.

കൂടുതൽ അപകട സാധ്യത ആർക്ക്?

ഉഷ്‌ണതരംഗങ്ങൾ ശരീരത്തിൽ പെട്ടെന്ന് തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവയാണ്. ആളുകളുടെ ശരീരത്തിന് പലപ്പോഴും പെട്ടെന്നുള്ള അന്തരീക്ഷ ഊഷ്മാവിലെ ഉയർച്ചയുമായി പൊരുത്തപ്പെടാൻ കഴിയണമെന്നില്ല എന്നതു കൊണ്ടു തന്നെ എല്ലാവരെയും ഇത് ബാധിക്കാമെങ്കിലും ചില വിഭാഗക്കാർ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?
ഒരിക്കൽ ശ്മശാനം, ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം, ആ നിഗൂഢ തീരം ഇതാണ്

പ്രായമായവർ: ശരീരതാപനില നിയന്ത്രിക്കാനുള്ള കഴിവ് കുറയുന്നതും, വെള്ളം കുടിക്കുന്നതിലുള്ള കുറവും നിലവിൽ ശരീരം നേരിടുന്ന മറ്റ് അസുഖങ്ങളും ഇവരെ അപകടസാധ്യതയിലാക്കുന്നു

നവജാത ശിശുക്കളും കുട്ടികളും: ഇവരുടെ ശരീരം വേഗത്തിൽ ചൂടാകുന്നവയാണ്. കൂടാതെ വെള്ളം കുടിക്കാനും ശരീരം തണുപ്പിക്കുവാനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നതിനാൽ തന്നെ കുഞ്ഞുങ്ങളിൽ ഉഷ്ണ തരംഗം അപകടമുണ്ടാക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ദീർഘകാല രോഗമുള്ളവർ: കാലങ്ങളായി ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗങ്ങൾ എന്നിവയുള്ളവർക്ക് കടുത്ത ചൂടിൽ ശരീരത്തിൻ്റെ സന്തുലിതാവസ്ഥ നിലനിർത്താൻ ബുദ്ധിമുട്ടായിരിക്കും.

പുറത്തു ജോലി ചെയ്യുന്നവർ: ഇങ്ങനെയുള്ളവർ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതിനാൽ ശരീരത്തിൽ നിന്നും കൂടുതൽ ജലാംശം നഷ്ടപ്പെടാൻ കാരണമാവുകയും ഇതുവഴി ക്ഷീണിതരാകുവാനും സാധ്യതയുണ്ട്. കൺസ്ട്രക്ഷൻ തൊഴിലാളികൾ, ഡെലിവറി ജീവനക്കാർ തുടങ്ങിയവരെയാണ് ഇത് കൂടുതലായി ബാധിക്കുക.

ഗർഭിണികൾ: ഗർഭകാലത്തു ശരീരത്തിൻ്റെ മെറ്റബോളിസവും ജലത്തിൻ്റെ ആവശ്യകതയും കൂടുന്നതിനാൽ ഇവരേയും ഉഷ്ണതരംഗം പെട്ടെന്ന് ബാധിച്ചേക്കും.

ചിലതരം മരുന്നുകൾ ഉപയോഗിക്കുന്നവർ: ചില മരുന്നുകൾ വിയർക്കുന്നതിനെയോ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനെയോ ബാധിക്കുന്നതിനാൽ ചൂട് താങ്ങാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും.

ഉഷ്ണതരംഗലക്ഷണങ്ങൾ

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ദീർഘനേരം വെയിലത്തു കഴിയുന്നത് ഡീഹൈഡ്രേഷൻ, ഹീറ്റ് എക്സോഷൻ, ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്ക്ക് കാരണമാകാം. സാധാരണ കാണുന്ന ലക്ഷണങ്ങൾ:

  • തലചുറ്റൽ

  • ക്ഷീണം

  • അമിതമായ വിയർപ്പ് അല്ലെങ്കിൽ വരണ്ട ചർമ്മം

  • ഓക്കാനം

  • തലവേദന

  • ആശയക്കുഴപ്പം

ഇവ സാധാരണയായി ഉയർന്നതാപനില, ശരീരത്തിലെ ജലാംശത്തിൻ്റെ കുറവ് , ദീർഘനേരം പുറത്തു ചെലവഴിക്കൽ എന്നിവയുടെ ഭാഗമായി ഉണ്ടാകുന്നതാണ്. ശരിയായ സമയത്ത് ചികിത്സ ലഭിക്കാത്ത പക്ഷം, ഇത് കൂടുതൽ ഗുരുതരമാകുകയും ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവർത്തനങ്ങളെ തന്നെ ബാധിക്കുകയും ചെയ്യും.

സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ധാരാളം വെള്ളം കുടിക്കുക

  • ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുക

  • അയഞ്ഞതും വായു സഞ്ചാരമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക

  • വീട്ടിനുള്ളിൽ നല്ല വായു സഞ്ചാരം ഉറപ്പാക്കുക

  • പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക

News Malayalam 24x7
newsmalayalam.com