ലോക രക്തദാനദിനം: അറിയാം രക്തദാനത്തെക്കുറിച്ച്

രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, രക്തദാതാക്കളെ അനുമോദിക്കുന്നതിനുമായി ജൂൺ 14ന് ലോക രക്തദാനദിനം ആചരിക്കുന്നു..
ലോക രക്തദാനദിനം: അറിയാം രക്തദാനത്തെക്കുറിച്ച്
Published on: 
Updated on: 

മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള വാതിൽ തുറക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്നതിൽ ഏറ്റവും മഹത്തരമായ കാര്യമാണ് രക്തദാനം...

എല്ലാ വർഷവും രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, രക്തദാതാക്കളെ അനുമോദിക്കുന്നതിനുമായി ജൂൺ 14ന് ലോക രക്തദാനദിനം ആചരിക്കുന്നു. മറ്റൊരാളുടെ രക്ഷകനാകുന്നതിനോടൊപ്പം, അവനവൻ്റെ തന്നെ ആരോ​ഗ്യാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന കാര്യമാണ് രക്തദാനം.

രക്തദാനത്തിൻ്റെ ചരിത്രം

1940ൽ റിച്ചാർ‍ഡ് ലോവർ എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ രണ്ട് പട്ടികളുടെ രക്തം പരസ്പരം മാറ്റുകയുണ്ടായി, അതിൽ യാതൊരു കുഴപ്പങ്ങളുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു. റിച്ചാർഡ് ലോവറിൻ്റെ ഈ വിപ്ലവകരമായ തീരുമാനമാണ് ഇന്ന് കാണുന്ന രക്തദാന സമ്പ്രദായങ്ങളിലേക്കും സാങ്കേതിക വിദ്യകളിലേക്കും വഴി തെളിച്ചത്. ലോകാരോഗ്യ സംഘടനയും, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ്ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിയുമാണ് 2005 മുതൽ ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കാനാരംഭിച്ചത്. എ‌ബി‌ഒ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റം കണ്ടെത്തി അതിന് നൊബേൽ സമ്മാനം നേടിയ കാൾ ലാൻഡ്‌സ്റ്റെയ്‌നറുടെ ജന്മവാർഷികമായും ലോക രക്തദാതാക്കളുടെ ദിനം ആഘോഷിക്കുന്നു.

രക്തദാനത്തിൻ്റെ പ്രാധാന്യം

ഈ വർഷം രക്തദാനം അതിൻ്റെ വലിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. 'രക്തദാനത്തിൻ്റെ 20 വർഷങ്ങൾ- രക്തദാതാക്കൾക്ക് നന്ദി' എന്നതാണ് ഈ വർഷത്തെ രക്തദാന ദിനത്തിൻ്റെ പ്രമേയം. ആരോ​ഗ്യരം​ഗത്തിന് വേണ്ടിയും, മനുഷ്യജീവനുകൾക്ക് വേണ്ടിയും സ്ഥിരമായി രക്തദാനം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് രക്തദാനദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ വർഷം ലോകാരോ​ഗ്യ സംഘടന ഔദ്യോ​ഗിക വെബ്സൈറ്റിൽ കുറിച്ചത് ഇങ്ങനെയാണ്,

"ലോക രക്ത​ദാന ദിനത്തിൻ്റെ 20ആം വാർഷികം ആഘോഷിക്കുന്ന ഈ അവസരം തന്നെയാണ് ഈ കാലമത്രയും രക്തദാനം നടത്തി ജീവൻ രക്ഷിച്ച ദാതാക്കൾക്ക് നന്ദി പറയാനും, രക്തദാതാക്കളിലും, രോ​ഗികളിലും വലിയ സ്വാധീനം ചെലുത്തുകയും ചെയ്തതിന് അവരെ ആദരിക്കുന്നതിനുമുള്ള സമയം. മുന്നിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാനും, സുരക്ഷിതമായ രക്തദാനം സാർവത്രികമാക്കാനും, ഭാവിയിലേക്കുള്ള പുരോഗതി ത്വരിതപ്പെടുത്താനുമുള്ള സമയോചിതമായ നിമിഷം കൂടിയാണിത്."

രക്തദാനം രോ​ഗികൾക്ക് ​ഗുണകരമാകുന്നതോടൊപ്പം, രക്തദാതാക്കൾക്കും ​ഗുണകരമാകാറുണ്ട്.

രക്തദാതാക്കൾക്ക് രക്തദാനം എങ്ങനെയൊക്കെ ​ഗുണകരമാകുന്നുവെന്ന് നോക്കാം..

-ഹൃദയാഘാത, സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു

-കൊളസ്ട്രോൾ, ലിപിഡ് അളവ് കുറയ്ക്കുന്നു

-ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

-ചില അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു

രക്തദാനത്തെ സംബന്ധിച്ച് കാലാകാലങ്ങളായി നിരവധി സംശയങ്ങൾ നിലനിൽക്കാറുണ്ട്. അതിൽ ചിലത് നോക്കാം..

ആർക്കൊക്കെ രക്തം ദാനം ചെയ്യാം?

-18 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർ

-ആരോ​ഗ്യമുള്ളവർ

-50 കിലോയിലധികം ശരീരഭാരമുള്ളവർ

-ഹീമോ​ഗ്ലോബിൻ ലെവൽ: പുരുഷന്മാർക്ക്- 12 ​ഗ്രാം, സ്ത്രീകൾക്ക്- 12.5 ​ഗ്രാം

ആർക്കൊക്കെ ദാനം ചെയ്യാൻ സാധിക്കില്ല?

-ഉയർന്ന രക്തസമ്മർദ്ദമുള്ളവർ

-അസാധാരണ രക്തസ്രാവമുള്ളവർ

-കാൻസർ രോ​ഗികൾ

-‍ഹ‍ൃദയം, വൃക്ക, കരൾ സംബന്ധമായ രോ​ഗങ്ങളുള്ളവർ

-അപസ്മാരം, മാനസിക വൈകല്യങ്ങളുള്ളവർ

-ഇൻസുലിൻ ആശ്രിത പ്രമേഹ രോ​ഗികൾ

-​ഗർഭിണികൾ, മുലയൂട്ടുന്നവർ (ആരോ​ഗ്യത്തെ ആശ്രയിച്ച്), ആർത്തവസമയത്ത് (ആരോ​ഗ്യത്തെ ആശ്രയിച്ച്)

ആർക്കൊക്കെ ഒരു വർഷത്തേക്ക് രക്തദാനം ചെയ്യാൻ സാധിക്കില്ല?

-ശസ്ത്രക്രിയക്ക് വിധേയരായവർ

-ടൈഫോയ്ഡ് ബാധിച്ചവർ

-നായയുടെ കടിയേറ്റവർ

-ഡെൻ്റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ ചെയ്തവർ

-പച്ചകുത്തിയവർ

രക്തം ആവശ്യമുള്ളത് ആർക്കൊക്കെ?

-കാൻസർ രോ​ഗികൾ

-ശസ്ത്രക്രിയ രോ​ഗികൾ

-അപകടാനന്തര രോ​ഗികൾ

-രക്ത രോ​ഗികൾ

രക്തദാനത്തിന് മുൻപ് പാലിക്കേണ്ട നിർദ്ദേശങ്ങൾ?

-നല്ല ഉറക്കം/ വിശ്രമം

-നന്നായി ഭക്ഷണം കഴിക്കണം, വെള്ളം കുടിക്കണം

-24 മണിക്കൂർ മദ്യപാനം ഒഴിവാക്കണം

രക്തദാനത്തിന് ശേഷം പാലിക്കേണ്ട നിർദ്ദേശങ്ങൾ?

-ധാരാളം വെള്ളം, ജ്യൂസ് കുടിക്കുക

-ഉടൻ തന്നെ ഡ്രൈവ് ചെയ്യാതിരിക്കുക

-കഠിനമായ വ്യായാമങ്ങൾ ഒരു ദിവസത്തേക്ക് ഒഴിവാക്കുക

-കുറച്ച് നേരത്തേക്ക് പുകവലി ഒഴിവാക്കുക

-ബാൻഡ് എയ്‌ഡ് നാല് മണിക്കൂറിന് ശേഷം എടുത്ത് മാറ്റുക

ഓരോ രക്തദാതാവും ചെയ്യേണ്ടത് രക്തദാനത്തിന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ്. ഓരോ ആരോ​ഗ്യമുള്ള വ്യക്തിക്കും മൂന്ന് മാസത്തിലൊരിക്കൽ രക്തം ദാനം ചെയ്യാൻ സാധിക്കും...

നിങ്ങളുടെ ഓരോ തുള്ളി രക്തത്തിനും വലിയ വിലയുണ്ട്, മറ്റൊരാളുടെ ജീവൻ്റെ വില...

Related Stories

News Malayalam 24x7
newsmalayalam.com