കോഴിക്കോട്: നാദാപുരം ചെക്യാട് പഞ്ചായത്ത് നാലാം വാർഡിൽ സ്ഥാനാർഥിക്ക് നേരെ വധശ്രമം. സ്വതന്ത്ര സ്ഥാനാർഥി കെ.പി. കുമാരന് നേരെയാണ് വധശ്രമം. വൈകീട്ടോടെ കാലിക്കൊളുമ്പ് ബൂത്തിനടുത്ത് വെച്ച് സിപിഐഎം പ്രവർത്തകരായ കുഞ്ഞിപ്പറമ്പത്ത് അൻസിൻ, വളയം പഞ്ചായത്തിലെ ഒ.കെ. മനോജ് എന്നിവർ ആക്രമിച്ചതായി പരാതി.
കെ.പി. കുമാരൻ വോട്ടിംഗ് നടപടികൾ കഴിഞ്ഞ് മടങ്ങുമ്പോൾ ആണ് ആക്രമണം ഉണ്ടായത്. സ്ഥാനാർഥിയുടെ കാറിൻ്റെ മുന്നിൽ ചാടി വീണ് വധഭീഷണി മുഴക്കി കയ്യിൽ കരുതിയ ഇരുമ്പ് ദണ്ഡ് കൊണ്ട് കാറിൻ്റെ ഗ്ലാസ് അടിച്ച് പൊട്ടിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയുമായിരുന്നു. നേരത്തെ വധഭീഷണിയെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായി കുമാരൻ പറഞ്ഞു.