തിരുവനന്തപുരം: ജീവനൊടുക്കിയ ആനന്ദിന് എതിരെ വ്യക്തിയധിക്ഷേപവുമായി ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ. ആത്മഹത്യയ്ക്ക് കാരണം മാനസിക വിഭാന്ത്രിയാകുമെന്ന് പരാമർശം. സീറ്റ് കിട്ടാതെ ജീവനൊടുക്കാനെങ്കിൽ താനൊക്കെ എത്ര തവണ ചെയ്യേണ്ടിരുന്നുവെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ബിജെപി വികസിത കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. രാജ്യവിരുദ്ധരായ മതമൗലികവാദികളുടെ വോട്ട് വേണ്ടെന്ന് പറയാൻ ഇടതിന് വലതിനും കഴിയുമോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തെ തുടർന്ന് ആനന്ദ് തമ്പി ജീവനൊടുക്കിയത്. ബിജെപി സ്ഥാനാർഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ച് കൊണ്ട് ആർഎസ്എസിൻ്റെ ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണ് മാഫിയ സംഘം ആർഎസ്എസിൻ്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോൾ തൃക്കണ്ണാപുരം വാർഡിൽ തനിക്ക് ബിജെപി സ്ഥാനാർഥി ആകാൻ സാധിച്ചില്ലെന്ന് ആനന്ദ് തമ്പി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിന് പിന്നാലെ മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി സനിലും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ജീവനൊടുക്കാൻ ശ്രമിച്ചത് വ്യക്തിഹത്യ താങ്ങാനാകാതെയെന്ന് മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറി ശാലിനി സനിൽ പറഞ്ഞിരുന്നു. ആർഎസ്എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തി. പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ അപവാദം പറഞ്ഞു. പനങ്ങോട്ടേല വാർഡിൽ ബിജെപി തന്നെയാണ് സ്ഥാനാർഥിയായി നിശ്ചയിച്ചതെന്നും ശാലിനി സനിൽ പറഞ്ഞു.