പാലക്കാട്: നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ സ്ഥാനാർഥിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. സിപിഐഎം അഗളി ലോക്കൽ സെക്രട്ടറി എൻ. ജംഷീറിനെതിരെയാണ് കേസെടുത്തത്. അഗളിയിൽ വിമതനായി മത്സരിക്കുന്ന ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണനെതിരെയാണ് ഇയാൾ വധഭീഷണി മുഴക്കിയത്.
അഗളി പഞ്ചായത്ത് 18-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് വി.ആർ. രാമകൃഷ്ണൻ. പരാതി നൽകിയിട്ടും ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുക്കുന്നില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചിരുന്നു. ഓഡിയോ സന്ദേശം ഉൾപ്പെടെ നൽകിയിട്ടും പരാതി സ്വീകരിച്ചില്ലെന്നും രാമകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് കേസെടുത്തത്.