ആലപ്പുഴ: തെക്കൻ കേരളത്തിൽ മുസ്ലിം ലീഗ് - കോൺഗ്രസ് ബന്ധം പൊട്ടിത്തെറിയിലേക്ക്. തർക്കം നിലനിന്ന അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഇരുപാർട്ടികളും സ്ഥാർഥികളെ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ കണ്ണനാണ് കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് എം.പി. പ്രവീണിന് സീറ്റ് നൽകിയില്ല.
കോൺഗ്രസും ലീഗും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെ മുസ്ലിം ലീഗും അമ്പലപ്പുഴയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് സ്ഥാനാർഥി. അൽത്താഫ് സുബൈർ ഇന്ന് പത്രിക നൽകും. അമ്പലപ്പുഴ സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
അതേസമയം, സീറ്റ് നൽകാത്തതിൽ അതൃപ്തിയുമായി അതൃപ്തിയുമായി എം.പി. പ്രവീൺ രംഗത്തെത്തി. പൊലീസിൽ നിന്ന് കിട്ടിയ അടിയേക്കാൾ വേദന തോന്നുന്ന നീതിയില്ലാത്ത തീരുമാനം വരുമ്പോൾ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മത്സ്യതൊഴിലാളിയായ ഒരച്ഛനും മകനും തീർത്തും നിസഹായരാണ് എന്ന് പ്രവീൺ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിസന്ധികളിലും പോരാട്ടങ്ങളിലും കൂടെ നിന്ന ഏവർക്കും നന്ദിയുണ്ടെന്നും കുറിപ്പിൽ.