വയനാട്: ചുവപ്പുകോട്ടയായ തിരുനെല്ലിയിൽ സിപിഐഎമ്മും സിപിഐയും നേർക്കുനേർ പോരാടുകയാണ് ഇത്തവണ. തിരുനെല്ലിയിലെ ചേലൂർ ഒമ്പതാം വാർഡിലാണ് ഘടക കക്ഷികൾ പരസ്പരം നേരിടുന്നത്. ഈ സാഹചര്യത്തിൽ വോട്ടുകൾ അനുകൂലമാകുമെന്ന കണക്കുകൂട്ടിലാണ് യുഡിഎഫ്.
സ്ഥാനാർഥിയെ ചൊല്ലി എൽഡിഎഫിൽ വലിയ തർക്കം ഉണ്ടായിരുന്ന വാർഡ് ആണ് വയനാട് തിരുനെല്ലിയിലെ ചേലൂർ. സിപിഐയുടെ സിറ്റിങ് സീറ്റ് സിപിഐഎം ആവശ്യപ്പെട്ടതാണ് പ്രശ്നത്തിന് കാരണം. സിപിഐ സ്ഥാനാർഥി ഷീജ ബേബി പാർട്ടി ചിഹ്നത്തിൽ മത്സരത്തിനിറങ്ങിയപ്പോൾ സിപിഐഎമ്മും സ്ഥാനാർഥിയെ നിർത്തി. പ്രാദേശിക നേതാവായ പുഷ്പയെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിപ്പിക്കുന്നത്. നിലവിൽ ചേലൂരിൽ സ്ഥാനാർഥിയായ ഷീജയ്ക്ക് വേണ്ടി സിപിഐ മാത്രമേ പ്രചാരണം നടത്തുന്നുള്ളു.
ചേലൂരിലെ സീറ്റിനായി കടുംപിടുത്തം പിടിക്കുന്നതിൽ സിപിഐഎമ്മിനകത്തെ വിഭാഗീയതയും കാരണമാണെന്നാണ് സൂചന. മുന്നണിക്കിടയിലുണ്ടായ അഭിപ്രായഭിന്നത വോട്ടാകുമെന്ന പ്രതീക്ഷയിലാണ് മറ്റു മുന്നണികള്‍. ചേലൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ഗ്രാമപ്പഞ്ചായത്തംഗം പി.വി. വാസന്തിയും ബിജെപി സ്ഥാനാര്‍ഥിയായി ചാത്തന്‍പറമ്പില്‍ എം.ഡി. രഞ്ജിനിയും മത്സരിക്കുന്നുണ്ട്.