അടൂർ: മുന്നണി മര്യാദയുടെ ഉദാത്ത മാതൃക കാണണോ ? എങ്കിൽ കൂടുതൽ ഒന്നും നോക്കേണ്ട, നേരെ അടൂരിലേക്ക് പോകാം. അടൂർ നഗരസഭ വാർഡ് ഇരുപത്തിമൂന്നിലെ എൽഡിഎഫ് സ്ഥാനാർഥി സുനു ഫിലിപ്പ് രണ്ടില ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സ്ഥാനാർഥി സിപിഐഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ്. സീറ്റ് വിഭജനത്തിൽ കോൺഗ്രസ് എമ്മിന് നൽകിയെങ്കിലും തർക്കങ്ങൾ ഏതുമില്ലാതെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനാർഥിയായി.
രണ്ടു പതിറ്റാണ്ടായി സുനു അടിയുറച്ച പാർട്ടിക്കാരനാണ്. രണ്ട് വർഷത്തിലേറെയായി സിപിഐഎം നെല്ലിമൂട്ടിൽപടി ബ്രാഞ്ച് സെക്രട്ടറിയാണ്. സുനുവിനെ രണ്ടില ചിഹ്നത്തിലെ സ്ഥാനാർഥിയാക്കുന്നതിൽ കേരള കോൺഗ്രസ് എമ്മിനും ബ്രാഞ്ച് സെക്രട്ടറി രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സിപിഎമ്മിനും സന്തോഷം മാത്രം. പാർട്ടി ഏതായാലും വിജയം ഉറപ്പെന്നാണ് മുന്നണിയുടെ ആത്മവിശ്വാസം.