തിരുവനന്തപുരം: എല്ലാ കാലത്തും തദ്ദേശ സ്ഥാപനങ്ങളിൽ ആധിപത്യം ഇടതുമുന്നണിക്കാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ഇല്ലാത്ത മുന്നേറ്റം ഇത്തവണ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം സർക്കാരിൻ്റെ വിലയിരുത്തൽ അല്ല. ഇതിൻ്റെ പാറ്റേൺ വേറെയാണെന്നും മൂന്നാം ടേമിലേക്കുള്ള യാത്രയാകും ഇത്. കഴിഞ്ഞ തവണയും ആ യാത്ര തുടങ്ങിയത് തദ്ദേശ തെരഞ്ഞെടുപ്പിൽ നിന്നാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പെൻഷനേ വേണ്ട എന്നതാണ് കോൺഗ്രസിൻ്റെ അഭിപ്രായം. അത് കേരളം ചർച്ച ചെയ്യട്ടേ. പെൻഷൻ കൂട്ടിയത് കൈകൂലി എന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്. അതേ അഭിപ്രായമാണോ മറ്റുള്ളവർക്കും എന്നും പറയട്ടെ. കേരളത്തിൽ പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ചിലയിടത്ത് ബിജെപിയും ഉണ്ടാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫിൻ്റെ ആശയ രൂപീകരണ തലപ്പത്തുള്ളത് ജമാഅത്തെ ഇസ്‌ലാമിയാണ്. ഒരുവശത്ത് ആർഎസ്എസും മറുവശത്ത് ജമാഅത്തെ ഇസ്‌ലാമിയുമാണ് ഉള്ളത്. രണ്ടും വർഗീയ ശക്തികളാണ്. ഇവരാണ് ഞങ്ങൾക്കെതിരെ മത്സരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിലെ എൻ. വാസുവിൻ്റെ അറസ്റ്റിലും ഗോവിന്ദൻ പ്രതികരിച്ചു. ഞങ്ങൾക്ക് ഒന്നും മറച്ചു വെക്കാനില്ല. ആരെയും സംരക്ഷിക്കില്ല. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അയ്യപ്പൻ്റെ ഒരുതരി സ്വർണം പോലും കക്കാൻ പാടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അത് ആര് ചെയ്താലും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിന് വേണ്ടിയാണ് സിപിഐഎം നിലകൊള്ളുന്നത്. ഒരാൾക്ക് വേണ്ടിയും ഒരു അര വർത്തമാനം പോലും പറയില്ല. ആരെയും അറസ്റ്റ് ചെയ്തോട്ടെ. ഈ കള്ളന്മാർ എല്ലാവരുമായും ബന്ധമുള്ളവരാണെന്നും എം.വി. ഗോവിന്ദൻ.