തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കളം നിറഞ്ഞതോടെ മുന്നണികൾക്ക് തലവേദനയായിരിക്കുകയാണ് വിമത വിഭാഗം. കൊച്ചി കോർപ്പറേഷനിൽ മാത്രം 15 വിമതരാണ് മത്സരരംഗത്തുള്ളത്. പത്തനംതിട്ട കവിയൂരിൽ പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ സ്ഥാനാർഥിക്ക് പത്രിക നൽകാനാകാതെ പോയത് യുഡിഎഫിന് നാണക്കേടായി. വാർഡിൽ സ്ഥാനാർഥി ഇല്ലാതായത് ബിജെപിയെ സഹായിക്കാൻ ആണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പാലക്കാട് ഇടത് മുന്നണിയിൽ സീറ്റ് കലാപം രൂക്ഷമാണ്. 20 സ്ഥലങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുകയാണ് സിപിഐ. പാലക്കാട് അമ്പതിലധികം ഇടങ്ങളിൽ ബിജെപിക്ക് സ്ഥാനാർഥികൾ പോലും ഇല്ലാത്ത അവസ്ഥയാണ്. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് മത്സരിക്കാൻ ആളില്ല. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും ബിജെപി മത്സരിക്കുന്നില്ല.
റിബലുകൾ തദ്ദേശ തെരഞ്ഞെടുപ്പിലെ പതിവ് കാഴ്ചയാണെങ്കിലും എണ്ണം കൊണ്ട് ഇത്തവണ മുന്നണികളെ വെള്ളംകുടിപ്പിക്കുകയാണ് ഈ വിമത വിഭാഗം. അനുരഞ്ജനങ്ങളും ഓഫറുകളുമായി നേതാക്കൾ വിമതരുടെ പിന്നാലെയുണ്ട്. എന്നാൽ പലരും വാഗ്ദാനങ്ങൾക്ക് മുന്നിൽ വഴങ്ങുന്നില്ല. വിമതരുമായി അനുരഞ്ജന നീക്കം നടത്താൻ ജില്ലാ- സംസ്ഥാന നേതാക്കൾ തന്നെ നേരിട്ടിറങ്ങിയിട്ടുണ്ട്.
തങ്ങളുടെ തീരുമാനത്തിൽ വിമതർ ഉറച്ച് നിന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത് പ്രകടമായ മാറ്റം വരുത്താൻ ഇവരെ കൊണ്ട് സാധിക്കും. കൊച്ചി കോർപ്പറേഷനിൽ രണ്ട് ഡെപ്യൂട്ടി മേയർമാർ അടക്കം 15 പേരാണ് വിമതരായി കളത്തിലുള്ളത്. യുഡിഎഫിൽ മാത്രം ഒൻപത് പേരാണ് ഉള്ളത്. ഇവരെ അനുനയിപ്പിക്കാൻ ആയില്ലെങ്കിൽ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാനുള്ള യുഡിഎഫ് ശ്രമത്തിന് അത് വലിയ വെല്ലുവിളി സൃഷ്ടിക്കും.
പാലക്കാട് ബിജെപിയിലെ ഗ്രൂപ്പ് പോരിനും ശമനമായിട്ടില്ല. സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസിൻ്റെ പോസ്റ്ററിലും ഫ്ലെക്സ് ബോർഡുകളിലും സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ, ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ എന്നിവരുടെ ചിത്രം ഒഴിവാക്കി. എന്നാൽ മുതിർന്ന നേതാവ് എൻ. ശിവരാജൻ്റെ ചിത്രം പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. നേതൃത്വത്തിന് എതിരെ മുൻ മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയ അജയൻ രംഗത്തെത്തിയയോടെ ബിജെപിക്ക് അത് വലിയ തലവേദനയുണ്ടാക്കി.
കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വിവാദം പുകയുകയാണ്. വോട്ടില്ലാത്തവരെ വീട്ടിൽ പോയി സ്ഥാനാർഥിയാക്കാൻ നോക്കിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ദുൽഖിഫിൽ പരിഹസിച്ചു. അതിനിടെ, ആന്തൂർ നഗരസഭയിൽ കോൺഗ്രസിന് രണ്ടിടത്ത് പത്രിക കൊടുക്കാൻ സാധിക്കാത്തത് സിപിഐഎം ഭീഷണി കൊണ്ടെന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ആരോപിച്ചു.