കോഴിക്കോട്: ആനപ്പുറത്ത് പോയി സത്യപ്രതിജ്ഞ ചെയ്ത വാർഡ് മെമ്പറുടെ കഥയാണ് കോഴിക്കോട് കടലുണ്ടി പഞ്ചായത്തിന് പറയാനുള്ളത്. 1995ൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചപ്പോൾ സ്വതന്ത്രനായി മത്സരിച്ച ദാസനാണ് രസകരമായ കഥ പറയാനുള്ളത്.
1995 ലെ തിരഞ്ഞെടുപ്പ് കാലം. 1987ൽ കോൺഗ്രസ് സ്ഥാനാർഥിയായി മുരുകല്ലിങ്ങൽ മൂന്നാം വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ച ദാസൻ 1995 വരെ പഞ്ചായത്ത് അംഗമായിരുന്നു. എന്നാൽ 1995 ലെ കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കിൽ സീറ്റ് കിട്ടിയില്ല. സ്വതന്ത്രനായി മത്സരിച്ചു. ദാസൻ ജയിച്ചാൽ സത്യപ്രതിജ്ഞയ്ക്ക് ആനപ്പുറത്ത് കൊണ്ടുപോകുമെന്ന് ഒരു വോട്ടർ പ്രഖ്യാപിച്ചു. ദാസൻ ജയിച്ചു. വാക്ക് പറഞ്ഞ വോട്ടർ ദാസനെ ആനപ്പുറത്തേറ്റി ആഘോഷപൂർവം സത്യപ്രതിജ്ഞയ്ക്ക് കൊണ്ടുപോയി.
സൈക്കിൾ ചിഹ്നത്തിൽ മത്സരിച്ച ദാസന് 168 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ആനപ്പുറത്ത് കയറിയിരുന്ന് വടക്കുമ്പാട് മണ്ഡലം ചുറ്റിയാണ് കടലുണ്ടി പഞ്ചായത്തിലെത്തി അന്ന് സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസിലേക്ക് തന്നെ തിരിച്ചുവന്ന ദാസൻ 2000ൽ വീണ്ടും മത്സരിച്ച് പഞ്ചായത്ത് പ്രസിഡൻ്റുമായി. കടലുണ്ടി പഞ്ചായത്തിൽ അന്നുണ്ടായിരുന്ന താത്ക്കാലിക കെട്ടിടം മാറി പുതിയ കെട്ടിടം വന്നപ്പോൾ ആ കെട്ടിടത്തിന്റെ ഉദ്ഘാടനവും ദാസൻ നിർവഹിച്ചിട്ടുണ്ട്.
ജനപ്രതിനിധിയായി നിന്ന കാലത്ത്, പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ജലനിധി പദ്ധതിയിൽ 682 മഴവെള്ള സംഭരണി നിർമിച്ച് സർക്കാറിൻ്റെ അവാർഡും അന്ന് നേടിയിരുന്നു. പുതിയകാല രാഷ്ട്രീയത്തിൽ കോൺഗ്രസിലെ പോര് വർധിച്ച സാഹചര്യത്തിലാണ് എൽഡിഎഫിലേക്ക് ഇദ്ദേഹം മാറിയത്. പിന്നീട് എൽഡിഎഫിന്റെയും കർഷകസംഘത്തിന്റെയും സജീവ പ്രവർത്തകനായി. ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് പിടിക്കുന്ന തിരക്കിലാണ് നമ്പയിൽ ദാസൻ.