കൊച്ചി: തദ്ദേശപ്പോര് മുറുകുന്നതിനിടെ മുന്നണികൾക്ക് തലവേദനയായി വിമത ഭീഷണിയും പ്രാദേശിക കൂട്ടായ്മകളും. കോർപ്പറേഷനിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് പാർട്ടി വിട്ടു. ആലുവ നഗരസഭയിലെ എൽഡിഎഫിന്റെ പ്രതിപക്ഷ നേതാവ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും . പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുഡിഎഫിനൊപ്പം മത്സരിക്കാനാണ് സിപിഐഎം വിമതരുടെ തീരുമാനം. കെ. ബാബുവും ഡൊമിനിക് പ്രസന്റേഷനും കൊച്ചിയിൽ കോൺഗ്രസിനെ തകർക്കുന്നുവെന്നാണ് വിമതരുടെ ആരോപണം.
തദ്ദേശക്കളം മുറുകിയതോടെ പലയിടത്തും മുന്നണി ബന്ധം മറന്നാണ് കക്ഷികൾ പോരിനിറങ്ങുന്നത്. പ്രാദേശിക പ്രശ്നങ്ങളും അന്തച്ഛിദ്രങ്ങളും കേഡർ പാർട്ടികൾക്ക് പോലും തലവേദന ആയിരിക്കുകയാണ്. അതിനിടയിലാണ് വിമത ഭീഷണിയും പ്രാദേശിക കൂട്ടായ്മകളും തലപൊക്കിയിരിക്കുന്നത്. ആലപ്പുഴ കുമാരപുരത്ത് മുന്നണി ബന്ധം തന്നെ തൂത്തെറിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കാനാണ് സിപിഐ നീക്കം. കുട്ടനാട്ടിലെ രാമങ്കരിയിലെ തർക്കത്തിനും പരിഹാരമായിട്ടില്ല. എന്നാൽ സ്ഥാനാർഥികളെ നിർണയിച്ചത് പ്രാദേശിക നേതൃത്വങ്ങളുടെ താൽപര്യ പ്രകാരമാണെന്നാണ് സിപിഐഎം ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇന്ത്യാ മുന്നണി മാതൃകയിലാണ് വിമതർ സിപിഐഎമ്മിനെ വെല്ലുവിളിക്കുന്നത്.19 വാർഡുള്ള പഞ്ചായത്തിൽ യുഡിഎഫ് 12 ഇടത്തും സിപിഐഎം വിമതർ ഏഴിടത്തും മത്സരിക്കാനാണ് ധാരണ. ആലുവ നഗരസഭയിലെ എൽഡിഎഫിന്റെ പ്രതിപക്ഷ നേതാവായിരുന്ന ഗെയിൽസ് ദേവസി പയ്യപ്പിള്ളി കോൺഗ്രസിൽ ചേർന്നു. 24ാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കും.തൃശ്ശൂർ കൊടുങ്ങല്ലൂരിലെ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി മുൻ ചെയർപേഴ്സൺ ശോഭാ ജോഷി ബിജെപിയിൽ ചേർന്നു. എൻഡിഎ സംസ്ഥാന ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ ശോഭാ ജോഷിയെ ബിജെപിയിലേക്ക് സ്വീകരിച്ചു. ശോഭാ ജോഷി കൊടുങ്ങല്ലൂർ നഗരസഭയിൽ എൻഡിഎയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. സിഐടിയു ഏരിയ കമ്മിറ്റി അംഗമായിരുന്നു.
കോർപ്പറേഷനിലേക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് പാർട്ടിയിൽ നിന്ന് രാജി വെച്ചു. കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസിന് തീരാതലവേദന ആയിരിക്കുകയാണ് വിമതർ. മുതിർന്ന നേതാക്കളായ കെ. ബാബുവിനേയും ഡൊമിനിക്ക് പ്രസൻ്റേഷനേയുമാണ് വിമതർ ഉന്നമിടുന്നത്. ഇഷ്ടക്കാർക്ക് വേണ്ടി കെ. ബാബു കോൺഗ്രസിനെ വഞ്ചിക്കുകയാണെന്ന് മുൻ ഡെപ്യൂട്ടി മേയർ പ്രേമകുമാർ തുറന്നടിച്ചു.
രാജിവെച്ച തൃശൂരിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും . പത്തനംതിട്ട മലയാലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതാക്കൾ. മലപ്പുറം പൊൻമുണ്ടത്ത് ലീഗ് പഞ്ചായത്ത് ഭരണസമിതിയെ വെല്ലുവിളിച്ച് കോൺഗ്രസ് പദയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം മുടവൻമുഗളിൽ നേമം മണ്ഡലം സെക്രട്ടറി രാജ്‍കുമാർ വിമതനായി മത്സരിച്ചേക്കും. സിപിഐഎം - സിപിഐ തർക്കം നിലനിന്നിരുന്ന തൃക്കാക്കര നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐഎം 38 ഇടത്തും സിപിഐ ഏഴ് സീറ്റിലും മത്സരിക്കും.
കോഴിക്കോട് കോർപ്പറേഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായി മുൻ ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയും മത്സരിക്കും. ഇടുക്കിയിലെ സീറ്റ് വിഭജനത്തിൽ അതൃപ്തിയിലാണ് ബിഡിജെഎസ്. ജില്ലാ പഞ്ചായത്തിൽ നാല് ഡിവിഷനുകൾ വേണമെന്നാണ് ആവശ്യം. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാർട്ടി തീരുമാനം. സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസിനെ അവഗണിച്ചെന്ന് ആരോപിച്ച് ആലപ്പുഴ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.