

കോഴിക്കോട് കോര്‍പറേഷനില്‍ മേയര്‍ സ്ഥാനാര്‍ഥികളുടെ വാര്‍ഡുകളില്‍ ഇത്തവണ കനത്ത പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് സീറ്റായ പാറോപ്പടിയില്‍ യുഡിഎഫിന്റെ പി.എം. നിയാസും, കാരപ്പറമ്പില്‍ എന്‍ഡിഎയുടെ നവ്യ ഹരിദാസും വാര്‍ഡുകളില്‍ പ്രചരണ തിരക്കിലാണ്. ബിജെപി അടിത്തറയുള്ള മീഞ്ചന്തയിലാണ് എല്‍ഡിഎഫിനായി മുസാഫിര്‍ അഹമ്മദ് ജനവിധി തേടുന്നത്. കോഴിക്കോടിന്റെ അമരത്തേക്ക് ഇവരില്‍ ആര് എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി.
പതിറ്റാണ്ടുകളായി എല്‍ഡിഎഫ് ഭരണം കൈയാളുന്ന കോഴിക്കോട് കോര്‍പറേഷനില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നാലര പതിറ്റാണ്ടായി കോര്‍പറേഷന്റെ തലപ്പത്തുളള ഇടതുമുന്നണി മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി അരനൂറ്റാണ്ടിന്റെ ചരിത്രം കുറിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. എന്നാല്‍ കോര്‍പ്പറേഷന്‍ തിരിച്ചുപിടിക്കുമെന്ന യുഡിഎഫിന്റെയും, എന്‍ഡിഎയുടെയും ആത്മവിശ്വാസവും വനോളമാണ്.
മേയര്‍ സ്ഥാനാര്‍ത്ഥികളായി പാര്‍ട്ടികള്‍ മുന്നോട്ടുവയ്ക്കുന്ന ഡിവിഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് സീറ്റുകളില്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും മേയറാകാന്‍ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത്. എന്നാല്‍ ബിജെപി അടിത്തറയുള്ള മീഞ്ചന്ത ഡിവിഷനിലാണ് നിലവിലെ ഡെപ്യൂട്ടി മേയറും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ മുസാഫര്‍ അഹമ്മദ് ജനവിധി തേടുന്നത്. 5 പതിറ്റാണ്ട് നീണ്ട ഭരണ നേട്ടം തന്നെയാണ് പ്രചരണ ആയുധം.
കോണ്‍ഗ്രസ്സിന്റെ കുത്തക വാര്‍ഡ് അയ കാരപ്പറമ്പ് സുരക്ഷിതമായിരിക്കുമെന്നും ഒരു അട്ടിമറിയും ഉണ്ടാകില്ലെന്നുമുള്ള ആത്മവിശ്വാസത്തെ തകിടം മറിച്ചു കൊണ്ടായിരുന്നു 2015 ലെ തെരഞ്ഞടുപ്പില്‍ 120 വോട്ടിന്റെ ഭൂരിപക്ഷത്തിന് നവ്യ ഹരിദാസ് അട്ടിമറി ജയം നേടിയത്. പിന്നീടങ്ങോട്ട് വാര്‍ഡ് ബിജെപിക്ക് ഒപ്പമാണ്. ഇരുത്തം വന്ന രാഷ്ട്രീയ നേതാവിന്റെ കരുത്തുമായാണ് കാരപ്പറമ്പിലെ വോട്ടര്‍മാരെ തേടി നവ്യ ഹരിദാസ് മൂന്നാം തവണയും എത്തുന്നത്.
സിറ്റിങ് സീറ്റായ പാറോപ്പടിയിലാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി പി.എം നിയാസ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 717 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോര്‍പ്പറേഷന്‍ പ്രതിപക്ഷ കൗണ്‍സിലര്‍ കെ.സി ശോഭിത ഇവിടെ വിജയിച്ചത്. വിവിധ തലങ്ങളില്‍ കോര്‍പ്പറേഷനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നാണ് പി.എം. നിയാസിന്റെ വിലയിരുത്തല്‍. നാലര പതിറ്റാണ്ടിനു ശേഷം കോര്‍പ്പറേഷന് സ്വാതന്ത്ര്യം ലഭിക്കാന്‍ പോകുകയാണെന്ന് പി.എം. നിയാസ് പറയുന്നു.