

കോഴിക്കോട്: ചാത്തമംഗലത്ത് സ്ഥാനാര്‍ഥികളൊക്കെ രാവിലെ മുതല്‍ വോട്ട് അഭ്യര്‍ഥിച്ച് വീട് വീടാന്തരം കേറി ഇറങ്ങുകയാണ്. പക്ഷെ, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സന്തോഷ് കുമാര്‍ അങ്ങനെയല്ല. തന്റെ ജീവിത മാര്‍ഗമായ തൊഴില്‍ കഴിഞ്ഞുള്ള ഒഴിവ് നേരങ്ങളിലാണ് പ്രചരണം. എന്നാല്‍ പ്രചരണ രംഗത്ത് ആള് ഒട്ടും പിന്നിലും അല്ല.
നാടൊട്ടാകെ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. വോട്ടുറപ്പിക്കാന്‍ വാര്‍ഡുകള്‍ തോറും പ്രചരണവുമായി നെട്ടോട്ടത്തിലാണ്. എന്നാല്‍ ചാത്തമംഗലം പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡായ കൂഴക്കോട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ കാര്യം അല്‍പ്പം വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലും സ്ഥാനാര്‍ഥിയായ സി.പി. സന്തോഷ് കുമാര്‍ ഇതുവരെ തന്റെ ജോലി വിട്ടൊരു കളിക്കും പോയിട്ടില്ല. സന്തോഷ് കുമാര്‍ ഉച്ചവരെയുള്ള ജോലിക്ക് ശേഷം മാത്രമാണ് വോട്ട് തേടി ഇറങ്ങുന്നത്.
ആദ്യമായി സ്ഥാനാര്‍ഥിത്വം ലഭിക്കുന്ന സി.പി. സന്തോഷ് കുമാറിന് തന്റെ വാര്‍ഡിലെ ഓരോ മുക്കും മൂലയും അത്രയേറെ പരിചിതമാണ്. കടുത്ത രാഷ്ട്രീയം മനസ്സിലുണ്ടെങ്കിലും രാഷ്ട്രീയത്തേക്കാളുപരി ഏതുകാലത്തും നാട്ടിലെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന ആളാണ്. കൂടാതെ പാലിയേറ്റീവ് മേഖലയിലും മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
അതുകൊണ്ടുതന്നെ സന്തോഷ് കുമാറിനെ നാട്ടില്‍ ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. ഈ ആത്മവിശ്വാസം തന്നെയാണ് ഇടതുമുന്നണി ഏല്‍പ്പിച്ച വലിയൊരു ദൗത്യം മുന്നിലുണ്ടെങ്കിലും ജോലി കൈവിടാതെ തെരഞ്ഞെടുപ്പ് കാലത്തും മുന്നോട്ടു പോകാന്‍ കാരണം.
രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ടര വരെയാണ് ജോലി ചെയ്യുക. അതുകഴിഞ്ഞാല്‍ പിന്നെ ഓരോ വീടുകളിലും കയറിയിറങ്ങി വോട്ട് ചോദിക്കും. അതിന് മറ്റിടങ്ങളിലെ പോലെ വലിയ സംഘമായൊന്നുമല്ല സന്തോഷ് കുമാര്‍ പോകുന്നത്. അപ്പോള്‍ കൂടെ കിട്ടുന്നത് ആരെയാണോ അവരെ കൂട്ടി ഓരോ വീടുകളും കയറിയിറങ്ങും. ചിലപ്പോള്‍ ഒറ്റയ്ക്കാകും. എല്ലാവരുടെയും നല്ല പിന്തുണയുണ്ട് സന്തോഷ് കുമാറിന്. നാട് അറിയുന്ന നാട്ടുകാര്‍ അറിയുന്ന സന്തോഷ് കുമാറിലൂടെ കൂഴക്കോട് വാര്‍ഡ് നിലനിര്‍ത്താന്‍ ആകുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.