തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വെച്ച് പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതാത് സ്ഥാപനങ്ങളിലെയും വോട്ടുകളാണ് എണ്ണുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. മറ്റന്നാൾ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 8.30 ഓടെ ആദ്യഘട്ട ഫല പ്രഖ്യാപനം വരും.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പ്രതിനിധികളുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന് നടക്കും. നിലവിലെ ഭരണസമിതികളുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കും. തെരഞ്ഞെടുപ്പ് മാറ്റിവച്ച മൂന്ന് സ്ഥലങ്ങളിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം തെരഞ്ഞെടുപ്പ് നടക്കും.
കള്ളവോട്ട് പരാതികൾ പരിശോധിക്കണമെന്നും ഭിന്നശേഷി ആളുകൾക്കായി സ്പെഷ്യൽ ബാലറ്റ് അടക്കമുള്ള സംവിധാനങ്ങൾ തെരഞ്ഞെടുപ്പിനു ശേഷം സർക്കാരുമായി ചർച്ച ചെയ്യുമെന്നും എ. ഷാജഹാൻ അറിയിച്ചു.