പ്രചാരണ ഗാനം സ്വയം എഴുതി ആലപിച്ച ഷെമി മുജീബ്; ആവോലി പഞ്ചായത്തിലെ വൈറൽ സ്ഥാനാർഥി

നല്ലൊരു ഗായിക കൂടിയായ ഷെമി മുജീബ് യുഡിഎഫിന്റെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്
ഷെമി മുജീബ്
ഷെമി മുജീബ്Source: News Malayalam 24x7
Published on
Updated on

എറണാകുളം: ആവോലി പഞ്ചായത്തിലെ രണ്ടാം വാർഡ് കോട്ടപുറത്ത് നിന്നും മത്സരിക്കുന്ന ഷെമി മുജീബാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ സ്ഥാനാർഥി. സ്വന്തം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഗാനത്തിൻ്റെ വരികൾ എഴുതിയതും, ആലപിച്ചതും ഷെമി തന്നെയാണ്. നല്ലൊരു ഗായിക കൂടിയായ ഷെമി മുജീബ് യുഡിഎഫിന്റെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.

തെരഞ്ഞെടുപ്പുകളിൽ പ്രചരണത്തിനായി പാരഡി ഗാനങ്ങളും സിനിമ ഗാനങ്ങളും ഉപയോഗിക്കുക സാധരണമാണ്. എന്നാൽ ഷെമി മുജീബ് എന്ന സ്ഥാനാർഥി വൈറലാകുന്നത് പ്രചാരണത്തിനായി സ്വന്തമായി ഗാനമെഴുതി അത് ആലപിച്ചപ്പോഴാണ്. പഠനകാലത്ത് നിരവധി ഗാനങ്ങൾ ആലപിച്ചിരുന്നെങ്കിലും പിന്നീട് വഴി മാറി പോവുകയായിരുന്നു. കഴിഞ്ഞദിവസം കോട്ടപുറത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്ന സമയത്താണ് ഷെമിക്ക് പാടുവാൻ വീണ്ടും അവസരം കിട്ടിയത്. കിട്ടിയ അവസരം ഷെമി മുതലാക്കി.

ഷെമി മുജീബ്
തദ്ദേശപ്പോരിൻ്റെ ആദ്യഘട്ട കൊട്ടിക്കലാശം കൊടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകൾ

വാർഡിലെ വികസനങ്ങളും, വിജയിച്ചാൽ വാർഡിൽ നടപ്പിലാക്കാൻ പോകുന്ന വികസന പ്രവർത്തനവും എല്ലാം ഉൾപ്പെടുത്തിയുള്ള ഗാനമാണ് ഷെമി രചിച്ചത്. സംഭവം വൈറലായതോടെ മറ്റു വാർഡുകളിലെ സ്ഥാനാർഥികളും അവരുടെ പ്രചാരണത്തിനായി ഷെമിയോട് ഗാനം ആവശ്യപ്പെട്ടു. പ്രചാരണത്തിന്റെ തിരക്കുമൂലം അതിലേക്ക് കടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഷെമി പറഞ്ഞു.

പാട്ടുംപാടി തെരഞ്ഞെടുപ്പിൽ ജയിക്കും എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ പാട്ടും പാടി ജനങ്ങളുടെ മനസിൽ കയറി പറ്റുക എന്ന ആശയമാണ് ഷെമി പരീക്ഷിച്ച് വിജയിപ്പിച്ച് എടുത്തിരിക്കുന്നത്. ഗാനം ഇതിനോടകം പഞ്ചായത്തിലും ഹിറ്റായി. വികസനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ മനസിലാകുന്ന പാട്ടിൻ്റെ രൂപത്തിൽ അവതരിപ്പിക്കുവാനും കഴിഞ്ഞതാണ് ഷെമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com