സംഘർഷഭരിതമായ അഞ്ച് വർഷങ്ങൾ; വിവാദങ്ങൾ ഒഴിയാത്ത കോട്ടയം നഗരസഭ

കാൽ നൂറ്റാണ്ട് യുഡിഎഫ് മാത്രം ഭരിച്ച കോട്ടയം നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷവും ഭരിച്ചത് യുഡിഎഫ് തന്നെയാണ്. ഈ അഞ്ച് വർഷമായിരുന്നു ഏറ്റവും സംഘർഷഭരിതം
കോട്ടയം നഗരസഭ
കോട്ടയം നഗരസഭ
Published on
Updated on

കോട്ടയം നഗരസഭയിലെ കഴിഞ്ഞ് അഞ്ച് വർഷം പരിശോധിച്ചാൽ ഭരണ ചാഞ്ചാട്ടങ്ങളുടെ ഒരു തുടർകഥ തന്നെ കാണാം. ചാഞ്ചാട്ടങ്ങൾക്കൊപ്പം വിവാദങ്ങൾക്കും ഒട്ടും കുറവുണ്ടായില്ല.

കണ്ണുതെറ്റിയാൽ അപ്പോൾ അവിശ്വാസ പ്രമേയം. ഇത്രയും സംഭവബഹുലമായ അഞ്ചുവർഷങ്ങൾ കോട്ടയം നഗരസഭയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. കാൽ നൂറ്റാണ്ട് യുഡിഎഫ് മാത്രം ഭരിച്ച കോട്ടയം നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷവും ഭരിച്ചത് യുഡിഎഫ് തന്നെയാണ്. ഈ അഞ്ചുവർഷമായിരുന്നു ഏറ്റവും സംഘർഷഭരിതം. അൻപത്തിരണ്ട് അംഗ കൗൺസിലിൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫ് 21, എൽഡിഎഫ് 21, എൻഡിഎ 8 എന്നായിരുന്നു കക്ഷിനില. എൽഡിഎഫ്, യുഡിഎഫ് പക്ഷത്ത് ഓരോ സ്വതന്ത്രർ കൂടി ചേർന്നതോടെ കക്ഷി നില 22 വീതമായി. പിന്നെ മാമാങ്കം ആരംഭിക്കുകയായി.

കോട്ടയം നഗരസഭ
അതിജീവിതയ്ക്ക് നേരെ സൈബർ ലിഞ്ചിംഗ് നടത്തി രാഹുൽ അനുകൂലികൾ; വഴിമരുന്നിട്ട് രാഹുൽ ഈശ്വറും സന്ദീപ് വാര്യരും

ആദ്യത്തെ കൗൺസിലിൽ ചെയർപഴ്സണെ കണ്ടെത്താൻ നറുക്കെടുപ്പ്. നറുക്ക് വീണത് യുഡിഎഫിന്. അങ്ങനെ യുഡിഎഫിന് ചെയർപഴ്സണായി. ഈ ഭാഗ്യത്തിൽ മുന്നോട്ടുപോകുമ്പോഴാണ് എൽഡിഎഫ് ആദ്യത്തെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. ആ അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചു. അതോടെ അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെ അവിശ്വാസം പാസായി എന്ന നാണക്കേട് എൽഡിഎഫിനെ തെല്ലൊന്നുമല്ല ഉലച്ചത്. പക്ഷേ പിന്നീടു നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിലും യുഡിഎഫിന് തന്നെയായി അധ്യക്ഷ സ്ഥാനം. ഇതേ നടപടികൾ ഒരിക്കൽ കൂടി ആവർത്തിച്ചു. അപ്പോഴും ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത് യുഡിഎഫ് നോമിനി തന്നെ.

ഭരണം ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും വിവാദങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ദിവസവും എന്നതുപോലെ പുറത്തുവന്നുകൊണ്ടിരുന്നു. അതിനിടെയാണ് 211 കോടി കാണാനില്ലെന്ന വമ്പൻ വിവാദമുണ്ടായത്. നഗരസഭയുടെ തന്നെ ഇന്‍റേണൽ വിജിലൻസാണ് പണം കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തത്. യുഡിഎഫ് ഭരണസമിതിക്കെതിരേ അതു വലിയ പ്രതിഷേധത്തിനിടയാക്കി. ഒരു നഗരസഭയിൽ നിന്ന് 211 കോടിയൊക്കെ എങ്ങനെ കാണാതാകും എന്നായിരുന്നു ചോദ്യം. ഒടുവിൽ കണക്ക് എടുത്തെഴുതിയതിലെ പിശകാണെന്ന് വിവിധ സമിതികൾ കണ്ടെത്തി. എന്തായാലും 211 കോടിയുടെ കണക്കൊക്കെ തെറ്റിച്ചെഴുതുന്ന പരിപാടി കോട്ടയത്തല്ലാതെ മറ്റൊരിടത്തും നടക്കില്ലെന്ന നാട്ടുകാർ തന്നെ പറഞ്ഞു തുടങ്ങി.

2015ൽ അനായാസം യുഡിഎഫ് ഭരിച്ചതാണ് കോട്ടയം നഗരസഭ. അന്ന് യുഡിഎഫ് 29, എൽഡിഎഫ് 13, ബിജെപി അഞ്ച് എന്നായിരുന്നു കക്ഷിനില. പിന്നീടുണ്ടായ വ്യത്യാസം കേരളാ കോൺഗ്രസ് എം യുഡിഎഫ് വിട്ടു എന്നതാണ്. എൽഡിഎഫിന്‍റെ കൂടെ നിന്ന് കരുത്തു തെളിയിക്കേണ്ട ബാധ്യത ഇക്കുറി കേരളാ കോൺഗ്രസ് എമ്മിനുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണയും കൊടുംപിരി മൽസരമാണ് കോട്ടയത്ത്. ഇതുവരെ 52 അംഗ സഭയായിരുന്നെങ്കിൽ ഇത്തവണ മുതൽ 53 അംഗങ്ങളാണ്. ഒറ്റസംഖ്യയിൽ എണ്ണം വന്നാലെങ്കിലും ടൈ ആകാതിരിക്കട്ടെ എന്നാണ് കോട്ടയംകാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ വേറൊരു കാര്യം കൂടിയുണ്ട്. കോട്ടയം കോർപ്പറേഷനാകുമെന്ന് പറഞ്ഞിട്ട് എന്തായി എന്നാണ് ആ ചോദ്യം. കഴിഞ്ഞ പത്തുവർഷമായി കോട്ടയംകാർ എന്നും കേൾക്കുന്നതാണ് കോർപറേഷൻ വർത്തമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com