തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടും പലയിടങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിക്കാൻ പറ്റാതെ നെട്ടോട്ടമോടുകയാണ് മുന്നണികൾ. പലയിടത്തും സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പലയിടങ്ങളിലും മുതിർന്ന നേതാക്കൾ പാർട്ടി വിടുകയും, ചിലയിടങ്ങളിൽ നേതാക്കൾ തമ്മിലടിക്കുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി മലപ്പുറത്ത് മുസ്‍ലിം ലീഗിൽ തമ്മിൽത്തല്ലുണ്ടായി. വേങ്ങര പഞ്ചായത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാകാതെ യോഗം അടിച്ചു പിരിഞ്ഞു. വണ്ടൂരിൽ ജില്ലാ, മണ്ഡലം നേതാക്കളെ ലീഗ് ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടു. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കൊച്ചി ഡെപ്യൂട്ടി മേയർ കെ എ അൻസിയ സിപിഐയിൽ നിന്ന് രാജിവച്ചു. തൃക്കാക്കരയിൽ സിപിഐഎം - സിപിഐ തർക്കം പരിഹരിച്ചതോടെ നഗരസഭയിൽ ഒരുമിച്ച് മത്സരിക്കാൻ ധാരണയായി .
മലപ്പുറം വേങ്ങര പഞ്ചായത്തിൽ 20 ആം വാർഡ് കച്ചേരിപ്പടിയിലെ സ്ഥാനാർഥിയെ ചൊല്ലിയാണ് തർക്കവും കൂട്ടത്തല്ലുമുണ്ടായത്. ലീഗ് പഞ്ചായത്ത് പ്രസിഡൻ്റായ പറമ്പിൽ ഖാദറിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിൻ്റെ ആവശ്യം. മുൻ വാർഡ് മെമ്പറായ സി. പി. ഖാദറിനായി മറുവിഭാഗവും രംഗത്ത് എത്തിയതോടെ സ്ഥാനാർഥി പ്രഖ്യാപനത്തിനായി ചേർന്ന യോഗം കൂട്ടയടിയിലെത്തി.
വണ്ടൂരിലും മുസ്ലിം ലീഗിൽ പൊട്ടിത്തെറിയുണ്ടായി. ജില്ലാ, മണ്ഡലം നേതാക്കളെ പ്രവർത്തകർ ലീഗ് ഓഫീസിൽ പൂട്ടിയിട്ടു. കാളികാവ് ഡിവിഷനിലേക്ക് കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥിയെ നിയോജക മണ്ഡലം കമ്മിറ്റി ഒഴിവാക്കിയതാണ് കാരണം. പ്രതിഷേധം ശക്തമായതോടെ കരുവാരകുണ്ടിലെ ഭാരവാഹികളെ വണ്ടൂർ നിയോജക മണ്ഡലം ഓഫീസിലേക്ക് ചർച്ചക്ക് വിളിച്ചു. തുടർന്ന് നേതാക്കളെ പൂട്ടിയിടുകയായിരുന്നു .
അതേസമയം, കൊച്ചി കോർപ്പറേഷനിൽ മട്ടാഞ്ചേരി ഡിവിഷനിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐയിൽ നിന്ന് രാജിവച്ചു. മുന്നണിമാറ്റം ചിന്തിച്ചിട്ടില്ലെന്ന് അൻസിയ പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി രണ്ടാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കോർപറേഷനിൽ ആം ആദ്മി പാർട്ടിയും അഞ്ചു സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എല്ലാ വാർഡിലും മത്സരിക്കാനാണ് പാർട്ടി തീരുമാനം. ഒരാഴ്ചയിലേറെയായി തിരുവനന്തപുരം നഗരസഭയിൽ കെ മുരളീധരൻ്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ വിചാരണ യാത്ര സമാപിച്ചു.
മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ എസ് എല്ലിനെതിനെ കള്ളവോട്ട് ആരോപണവുമായി സിപിഐഎം രംഗത്തെത്തി. വൈഷ്ണയും കുടുംബവും വ്യാജ വിലാസത്തിൽ മുട്ടട വാർഡിൽ വോട്ട് ചേർത്തതായാണ് പരാതിയിൽ പറയുന്നത്.
കോഴിക്കോട് കാരശ്ശേരിയിൽ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി. കാരശേരി മണ്ഡലം പ്രസിഡൻ്റ് ഷാനിബ് ചോനാടിനെതിരെയാണ് നടപടി . ഷാനിബ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ ആർജെഡി നാല് സ്ഥാനാർഥികളെയും മുക്കം നഗരസഭയിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.