

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാൻ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിഷേധങ്ങൾക്കിടെയാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. അധിക ബിഎൽഒമാരെ നിയോഗിക്കാനും ഹെൽപ്പ് ഡെസ്കുകൾ തുറക്കാനുമാണ് തീരുമാനം. ബൂത്തിലെ ബിഎൽഒ ലഭ്യമല്ലെങ്കിൽ നിയോജകമണ്ഡലത്തിൽ ഉള്ള മറ്റൊരാളെ ഉത്തരവാദിത്തമേൽപ്പിക്കാം. ഫോം പൂരിപ്പിച്ച് തിരികെ വാങ്ങുന്നതിന് ഹെൽപ്പ് ഡെസ്കുകൾ തുറക്കാനും രാഷ്ട്രീയ പാർട്ടികളോട് കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.ഇതിനായി തെരഞ്ഞെടുപ്പ് ഓഫീസറുടെ സഹായം തേടാമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.
ഇതിനുപുറമേ, അപേക്ഷകൾ മൊത്തമായി സമർപ്പിക്കുന്നതിനാവശ്യമായ കൂടുതൽ നിർദേശങ്ങളും ബിഎൽഒമാർക്ക് നൽകിയിട്ടുണ്ട്. കരട് വോട്ടർപട്ടിക പ്രസിദ്ധീകരണത്തിന് മുൻപ് 50 പൂരിപ്പിച്ച ഫോമുകളിൽ കൂടുതൽ ദിവസേന ബിഎൽഒമാർക്ക് നൽകരുതെന്നും കരട് വോട്ടർപട്ടിക പ്രസിദ്ധീകരണത്തിന് ശേഷം ദിവസേന 10 പൂരിപ്പിച്ച ഫോമുകളിൽ കൂടുതൽ നൽകരുതെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, ഔദ്യോഗിക നിർദേശങ്ങൾക്കൊപ്പം ബിഎൽഒമാർക്ക് അസാധാരണ നിർദേശങ്ങൾ നൽകുന്നതും തുടരുകയാണ്. ആൾ ഇല്ലാത്ത സ്ഥലങ്ങളിലും ഫോം നൽകിയതായി കാണിക്കണം. ഫോം തിരികെ ലഭിച്ചില്ലെങ്കിൽ കിട്ടിയില്ല എന്ന് മാർക്ക് ചെയ്യാം. 'അൺകളക്റ്റഡ്' എന്ന കോളത്തിൽ ഏതെങ്കിലും ഓപ്ഷൻ നൽകിയാൽ മതി. മരണം, സ്ഥലം മാറി, ആൾ ഇല്ല ഇതിൽ ഏതെങ്കിലും ഓപ്ഷൻ നൽകാനും തലസ്ഥാനത്തെ ഇആർഒ സാമൂഹ്യമാധ്യമത്തിലൂടെ ബിഎൽഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എസ്ഐആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ബിഎല്‍ഒമാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിശ്ചയിച്ചും ഉത്തരവിറങ്ങി. പ്രിസൈഡിംഗ് ഓഫീസര്‍മാരായും പോളിംഗ് ഓഫീസര്‍മാരായുമാണ് നിയമനം. വോട്ടെടുപ്പ് ദിവസം ഡ്യൂട്ടിക്ക് കയറണമെന്ന് ജില്ലാ കളക്ടര്‍മാരാണ് നിര്‍ദേശം നല്‍കിയത്. എന്നാൽ ബിഎൽഒമാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കില്ല എന്നായിരുന്നു കമ്മീഷൻ ഉത്തരവ്. ഡിസംബർ നാലിന് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ ജോലികൾ പൂർത്തിയാകുന്നതിനാൽ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഏൽപ്പിക്കുന്നതിൽ പ്രായോഗിക പ്രശ്നങ്ങളില്ലെന്നാണ് കമ്മീഷൻ നിലപാട്. എസ്ഐആർ പ്രക്രിയയിൽ ബിഎൽഒമാർക്കോ ഉദ്യോഗസ്ഥർക്കോ ബുദ്ധിമുട്ട് നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ട്. നിശ്ചിത സമയപരിധി പ്രകാരം പരിഷ്കരണ നടപടികൾ പൂർത്തിയാക്കാൻ എല്ലാവരും സഹായിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
പയ്യന്നൂരിൽ ജോലി സമ്മർദം മൂലം ബിഎൽഒ ജീവനൊടുക്കിയതിന് പിന്നാലെയാണ് ഇപ്പോൾ ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നീക്കം. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജായിരുന്നു ജീവനൊടുക്കിയത്. മരിക്കുന്നതിന് മുമ്പ് എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് അനീഷ് വീട്ടുകാരോട് സംസാരിച്ചിരുന്നു. എന്നാൽ ജോലി സമ്മർദം മൂലമല്ല അനീഷ് ജീവനൊടുക്കിയതെന്നായിരുന്നു ജില്ലാ കളക്ടറുടെ വാദം.