വയനാട്: മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയിരിക്കുകയാണ് . സ്ഥാനാർഥികൾക്കായി പ്രചാരണ ബോർഡുകൾ തയ്യാറാക്കുന്ന തിരക്കിലാണ് വയനാട് കൽപ്പറ്റ സ്വദേശികളായ ആബിദും സുധീഷും. മരത്തിന്റെ ഫ്രെയിമുകളിലാണ് പ്രചാരണ ബോർഡുകൾ നിർമിക്കുന്നത്.
നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായതോടെ മുന്നണികളുടെ പോസ്റ്ററുകളും ചുവരെഴുത്തുകളും പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. കൽപ്പറ്റയിലെ മാർക്ക് ഷോപ്പിലും ഇതേ തിരക്കാണ്.
കൽപ്പറ്റ സ്വദേശി ആബിദ് കഴിഞ്ഞ 25 വർഷമായി ഇതേ മേഖലയിലുണ്ട്. സഹായത്തിനായി ആശാരിയും അമ്പിലേരി സ്വദേശിയുമായ സുധീഷും കൂടെയുണ്ട്. സ്ഥാനാർഥികളുടെ പോസ്റ്റർ ഡിസൈൻ ഉൾപ്പെടെ ഇവരാണ് തയ്യാറാക്കുന്നത്. ഡിസൈൻ പൂർത്തിയാക്കി പ്രസുകളിൽ നിന്ന് വരുന്ന ക്ലോത്ത് ബാനറുകൾ പട്ടിക വെട്ടി ബോർഡുകൾ തയ്യാറാക്കും. ഇതിനോടകം തന്നെ 200 ഓളം ബോർഡുകളാണ് നിർമിച്ചത്.
ഒറ്റ നോട്ടത്തില്‍ ഫ്ലക്സെന്ന് തോന്നുന്ന ക്ലോത്ത് പ്രിന്റുകളാണ് ബോർഡിനായി ഉപയോഗിക്കുന്നത്. കൽപ്പറ്റ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളാണ് ആദ്യം നിർമ്മിച്ചത്. വരുന്ന ദിവസങ്ങളിൽ യുഡിഎഫിന്റെയും എൻഡിഎയുടെയും സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ കൂടുതൽ തിരക്കേറുമെന്നാണ് പ്രതീക്ഷ .