പാലക്കാട്: പി.കെ. ശശി അനുകൂല വിഭാഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ പി.കെ. ശശി. ഇങ്ങനെയൊക്കെ ആളുകൾ മത്സരിക്കുന്നുണ്ടോ എന്ന് പി.കെ. ശശി. മാധ്യമങ്ങൾ പറഞ്ഞപ്പോഴാണ് മത്സരിക്കുന്നുണ്ടെന്നുള്ള കാര്യം അറിഞ്ഞത്. മത്സരിക്കുന്നവരോട് ചോദിക്കാനുള്ള അധികാരപ്പെട്ട ആൾ താനല്ല, അത് ചോദിക്കേണ്ട 'മഹാന്മാരായ' ആളുകൾ ചോദിക്കട്ടെയെന്നും പി.കെ. ശശി പറഞ്ഞു.
പാർട്ടിക്ക് അകത്തുള്ള ആളുകൾ പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള ബാധ്യത കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടെന്ന് ശശി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നില്ല. മണ്ണാർക്കാട് പാർട്ടി വളർത്തിയതിൽ നിർണായകമായ പങ്കു വഹിച്ച ആളാണ് താനെന്നു ആരുടെ മുമ്പിലും തല ഉയർത്തി പറയുമെന്നും ശശി പറഞ്ഞു.
മുഖ്യമന്ത്രിയെ പുകഴ്ത്തി പി.കെ. ശശി കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച സോഷ്യൽ എൻജിനീയറിങ് അറിയാവുന്ന ആൾ പിണറായി വിജയനെന്ന് പ്രതികരിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ വോട്ട് ആകുമെന്നും ശശി പറഞ്ഞു.