കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുള്ള നഗരസഭയാണ് മട്ടന്നൂർ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എടുത്തുപറഞ്ഞ കാര്യം മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു. എന്താണ് മട്ടന്നൂരിന് മാത്രം ഇത്ര പ്രത്യേകത. ആ കഥ അറിയാം.
കേരളത്തില്‍ എവിടെയും തെരഞ്ഞെടുപ്പ് ഇല്ലാത്ത സമയത്താണ് മട്ടന്നൂര്‍ നഗരസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് പിന്നില്‍ ചെറുതല്ലാത്ത ഒരു ചരിത്രമുണ്ട്. 1964ൽ രൂപീകരിച്ച മട്ടന്നൂർ പഞ്ചായത്ത് 1990ൽ ഇ.കെ. നായനാറിന്‍റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാര്‍ നഗരസഭയായി ഉയര്‍ത്തി. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു യുഡിഎഫിലെ ഭൂരിഭാഗം കക്ഷികളും.
സാധാരണക്കാരായ ജനങ്ങള്‍ക്ക് അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു എതിര്‍പ്പ്. പിന്നെ സമരത്തോട് സമരം. ഒരു കൊല്ലത്തിനപ്പുറം 1991 ല്‍ സംസ്ഥാന ഭരണമാറ്റം ഉണ്ടായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ മട്ടന്നൂരിലെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതോടെ എല്‍ഡിഎഫ് കോടതിയെ സമീപിച്ചു. കേസ് നീണ്ട് പോയി.
1994 ല്‍ മട്ടന്നൂരിനെ പഞ്ചായത്തായി മാറ്റിയത് കോടതി റദ്ദ് ചെയ്തു. പക്ഷേ ഉദ്യോഗസ്ഥക്ഷാമവും മറ്റ് പ്രശ്നങ്ങളും മുന്‍നിര്‍ത്തി പൂര്‍ണമായ തോതില്‍ നഗരസഭയുടെ സ്വഭാവത്തിലേക്ക് മട്ടന്നൂരിനെ മാറ്റാന്‍ കഴിഞ്ഞില്ല. ഇങ്ങനെ നഗരസഭയും പഞ്ചായത്തും അല്ലാത്ത അവസ്ഥയിൽ അഞ്ച് വർഷം ഭരണം പ്രതിസന്ധിയില്‍ തുടര്‍ന്നു.
സ്പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഈ സമയം മട്ടന്നൂരിന്‍റെ ഭരണം. നഗരസഭയും പഞ്ചായത്തുമല്ലാത്ത അനിശ്ചിതാവസ്ഥ തുടര്‍ന്നു. 1996ൽ നായനാർ സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ നഗരസഭയാക്കി മുൻകാല പ്രാബല്യത്തോടെ ഉത്തരവിറക്കി. അങ്ങനെ 1997 ല്‍ മട്ടന്നൂരിൽ ആദ്യമായി നഗരസഭാ തെരഞ്ഞെടുപ്പ് നടന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 5 വര്‍ഷമായതിനാല്‍ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മട്ടന്നൂരിലെ ഭരണസമിതി കാലാവധി മൂന്ന് വര്‍ഷം മാത്രമായിരിക്കും പൂര്‍ത്തിയായിട്ടുണ്ടാവുക. അങ്ങനെയാണ് മട്ടന്നൂരില്‍ മാത്രമായി പ്രത്യേകമായി തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യം ഉണ്ടായത്. നഗരസഭ രൂപം കൊണ്ടതു മുതൽ ഇടതു മുന്നണിയാണ് നഗരസഭ ഭരിക്കുന്നതെന്ന പ്രത്യേകതയും മട്ടന്നൂരിനുണ്ട്.