രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കാതെ മുന്നണികൾ, വാക്ക് തർക്കം മുതൽ കോടതിവരെ

മലപ്പുറത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് തർക്കം സമവായമില്ലാതെ തുടരുകയാണ്.
Kerala-Local-Body-polls-2025
Kerala-Local-Body-polls-2025Source: Social Media
Published on
Updated on

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആദ്യഘട്ടം പിന്നിടുമ്പോളും മുന്നണികളിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നില്ല. തിരുവനന്തപുരത്തെ വൈഷ്ണയുടെ സ്ഥാനാർഥിത്വത്തിൽ പ്രതിസന്ധിയിലായി യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. മലപ്പുറത്ത് ലീഗ് കോൺഗ്രസ് തർക്കം കെടാതെ തുടരുന്നു. പാലക്കാട് സിപിഐഎം ഔദ്യോഗിക പക്ഷത്തിനെതിരെ വിമതർ മത്സരിക്കുമെന്ന് അറിയിച്ചു. അതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ കർശനമാക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. തൈക്കാട്ടുശേരിയിൽ കോൺഗ്രസ് വിട്ട ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ സ്ഥാനാർഥിയായി.

Kerala-Local-Body-polls-2025
അമിത ജോലി ഭാരം താങ്ങാവുന്നതിലും അപ്പുറം; ബിഎൽഒയുടെ മരണത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യദിനങ്ങൾ കഴിയുമ്പോഴാണ് തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയ്ക്ക് തിരിച്ചടിയായത്. വ്യാജ മേൽവിലാസത്തിൽ വോട്ട് ചേർത്തുവെന്ന സിപിഐഎം ആരോപണം പരിശോധനയിൽ ശരിയാണെന്ന് തെളിഞ്ഞതോടെ വോട്ട് വെട്ടുകയായിരുന്നു. ഇതോടെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായി. രാഷ്ട്രീയ പ്രേരിത നടപടിയെന്നാരോപിച്ചാണ് വൈഷ്‌ണ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വോട്ട് വെട്ടിയതിൽ പരാതി പറയാനെത്തിയപ്പോൾ ജില്ലാ കളക്ടർ കാണാൻ കൂട്ടാക്കിയില്ലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

മുട്ടടയിൽ സ്ഥാനാർഥിയെന്ന നിലയിൽ തന്നെ പ്രചാരണം തുടരാനാണ് വൈഷ്ണയ്ക്ക് കെപിസിസിയുടെ നിർദേശം. അതേസമയം എറണാകുളത്ത് ഒരു മുഴം മുന്നേയെറിഞ്ഞ കോൺഗ്രസ് മുനമ്പം സമരസമിതി നേതാവ് ജോസഫ് ബെന്നിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. മുനമ്പം ബ്ലോക്ക് ഡിവിഷനിൽ ജോസഫ് ബെന്നി സ്ഥാനാർഥിയാകും. ബെന്നിയുടെ പേരുൾപ്പെടുത്തിയ പട്ടിക പ്രാദേശിക നേതൃത്വം ഡിസിസിക്ക് കൈമാറി. മലപ്പുറത്ത് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് തർക്കം സമവായമില്ലാതെ തുടരുകയാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി നിർണയത്തിന് ചേർന്ന് കോർ കമ്മിറ്റിയും തീരുമാനമില്ലാതെ പിരിഞ്ഞു.

വാഴക്കാട്, തേഞ്ഞിപ്പലം, വഴിക്കടവ്, മേലാറ്റൂർ ഡിവിഷനുകളിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് വൈകുന്നത്. അർഹതപ്പെട്ട സീറ്റ് നിഷേധിച്ചാൽ പ്രത്യാഘാതമുണ്ടാകും എന്നാണ് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്. ഇതിനിടെ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥ നിര്ബന്ധമാക്കിയതായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.പാലക്കാട് മണ്ണാർക്കാടിൽ പി.കെ. ശശിയുടെ പരസ്യ പ്രതികരണത്തിന് പിന്നാലെ സിപിഐഎം വിമതർ മത്സരിക്കാൻ തീരുമാനിച്ചു. ജനകീയ മതേതര മുന്നണി എന്ന പേരിൽ മത്സരിക്കാനിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു. പത്തിടങ്ങളിലാണ് ജനകീയ മതേതര മുന്നണി മത്സരിക്കുക. സിപിഎഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ളവർ പുതിയ മുന്നണിയുടെ ഭാഗമാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

ആലപ്പുഴയിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ എസ്എൻഡിപി ഇടപെടലുണ്ടായെന്ന് ആരോപിച്ച് സിപിഐഎമ്മിൽ പൊട്ടിത്തെറി. കണിച്ചുകുളങ്ങര, ചെത്തി ലോക്കൽ കമ്മറ്റികളാണ് കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയത്. അഭിപ്രായവ്യത്യസത്തെ തുടർന്ന് മൂന്ന് ലോക്കൽ കമ്മറ്റി അംഗങ്ങൾ ചുമതലകൾ ഒഴിഞ്ഞു, മാരാരിക്കുളം അഞ്ചാം വാർഡിൽ മുൻ എൽസി സെക്രട്ടറി വിജയൻ വിമത സ്ഥാനാർഥിയായി മത്സരിക്കും. എന്നാൽ തലസ്ഥാനത്ത് പാർട്ടിക്കെതിരെ കലാപക്കൊടി ഉയർത്തിയ ദേശാഭിമാനി മുൻ ബ്യുറോ ചീഫ് കെ. ശ്രീകണ്ഠനെതിരെ കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. കെ. ശ്രീകണ്ഠന് മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കടകംപള്ളി വ്യക്തമാക്കി. അതേസമയം ശ്രീകണ്ഠനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും കടകംപള്ളി പറയുന്നു.

Kerala-Local-Body-polls-2025
''ജോലിയില്‍ വീഴ്ച വരുത്തി''; ജോലി സമ്മര്‍ദ ആക്ഷേപങ്ങള്‍ക്കിടെ കോഴിക്കോടും പാലക്കാടും ബിഎല്‍ഒമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുള്ള കൂറുമാറ്റം തുടരുകയാണ് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗവും, സിപിഐ നേതാവുമായി ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിൽ ചേർന്നു. കെപിസിസി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചു. ആലപ്പുഴ തൈക്കാട്ടുശ്ശേരി കോണ്ഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐയുടെ സ്ഥാനാർത്ഥിയായി. കോൺഗ്രസ് മുൻ കൗൺസിലറും, മുൻ മണ്ഡലം പ്രസിഡന്റുമായ കെ ആർ ചക്രപാണിയാണ് സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്തിട്ടും നൽകാത്തതിനെ തുടർന്ന് കൂടുമാറിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com