തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. നീണ്ട ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം എഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ 11,168 വാർഡുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. അതേസമയം, വടക്കൻ കേരളത്തിൽ ഇന്നാണ് കൊട്ടിക്കലാശം നടക്കുക. നിശബ്ദപ്രചരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ.
മട്ടന്നൂർ നഗരസഭ ഒഴികെ സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. അതിൽ 595 സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ്.) 471 ഗ്രാമപഞ്ചായത്തുകളിലെ 8310 വാർഡുകൾ, 75 ബ്ലോക്ക് പഞ്ചായത്തുകളിലെ 1090 വാർഡുകൾ, 7 ജില്ലാ പഞ്ചായത്തുകളിലെ 164 വാർഡുകൾ, 39 മുൻസിപ്പാലിറ്റികളിലെ 1371 വാർഡുകൾ, 3 കോർപ്പറേഷനുകളിലെ 233 വാർഡുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ടത്തിൽ 604 തദ്ദേശസ്ഥാപനങ്ങളിലെ 12,408 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. 36,630 സ്ഥാനാർഥികൾ ആദ്യ ഘട്ടത്തിലും 39,013 സ്ഥാനാർത്ഥികൾ രണ്ടാംഘട്ടത്തിലുമായി സംസ്ഥാനത്താകെ 75,643 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. സ്ഥാനാർത്ഥികളിൽ കൂടുതലും സ്ത്രീകളാണ്.
ആകെയുള്ള 2.86 കോടി വോട്ടർമാരിൽ ഒന്നാം ഘട്ടത്തിൽ 1.32 കോടി വോട്ടർമാരും രണ്ടാം ഘട്ടത്തിൽ 1.53 കോടി പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തും. രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇത്തവണ 2535 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഡിസംബർ 13നാണ് ഫലപ്രഖ്യാപനം നടക്കുന്നത്. ശനിയാഴ്ച രാവിലെ 8 മണി മുതൽ ആരംഭിക്കും.