പത്തനംതിട്ട: ഒരു ഫയലും സ്ഥാനാർഥിയും തമ്മിലുള്ള ബന്ധമാണ് തെരഞ്ഞെടുപ്പ് വിശേഷങ്ങൾക്കൊപ്പം പറയാനുള്ളത്. പത്തനംതിട്ട നഗരസഭ ഒൻപതാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ അംബിക വേണുവിന്റെ കയ്യിലാണ് എപ്പോഴും ഒരു ഫയൽ ഉണ്ട് . കഴിഞ്ഞ 10 വർഷമായി നാട്ടുകാരുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം ഈ ഫയലിലുണ്ട്.
എപ്പോഴും കയ്യിൽ കരുതാറുള്ള ഈ ഫയലിനുള്ളിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് അഭ്യർത്ഥനയും വോട്ടർ പട്ടികയുമാണ്. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപുവരെ ആളുകളുടെ ആവശ്യങ്ങൾക്കുള്ള പരിഹാരം ആയിരുന്നു ഇതിനുള്ളിൽ. വർഷങ്ങളായി അംബിക വേണുവിനൊപ്പം ഈ ഫയലും ഉണ്ട്.
പത്തനംതിട്ട നഗരസഭ ഒൻപതാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് അംബിക വേണു. കഴിഞ്ഞ രണ്ടുതവണയും അംബിക തന്നെയായിരുന്നു കൗൺസിലർ. വാർഡിലെ വോട്ടർമാർക്കും പറയാനുള്ളത് ഫയലിനെപ്പറ്റി തന്നെ. മൂന്നാമങ്കത്തിന് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും അംബിക പ്രതീക്ഷിക്കുന്നില്ല. ഫയലുമായി അംബിക തന്നെ ഇനിയും ഇവിടെ കാണുമെന്നാണ് മുന്നണിയും പറയുന്നത്.