തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചാൽ ചിലയിടങ്ങളിലെ വോട്ടെണ്ണൽ കഴിയുമ്പോൾ തന്നെ ഏതാണ്ട് ഒരു ചിത്രം തെളിയും. തരംഗമുണ്ടോ എന്നറിയാൻ രണ്ട് തെക്കൻ ജില്ലകളിലെ ഫലം അറിഞ്ഞാൽ മതിയാകും. അവസാന ഫല സൂചന പ്രതിഫലിക്കുന്ന ആ രണ്ട് ജില്ലകൾ ഏതൊക്കെയെന്ന് അറിയാം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ തരംഗമുണ്ടോ എന്ന് അറിയൻ വഴിയുണ്ട്. രണ്ടു തെക്കൻ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളാണ് തരംഗങ്ങൾക്ക് അനുസരിച്ച് ചാഞ്ചാടുന്ന ഇടങ്ങൾ. സാധാരണ തിരുവനന്തപുരത്തും കൊല്ലത്തും ഇടതുപക്ഷം ശക്തമാണെങ്കിലും യുഡിഎഫ് അനുകൂല തരംഗമുണ്ടെങ്കിൽ സ്ഥിതി മാറും. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മാത്രമല്ല ഈ ചാഞ്ചാട്ടം. ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും തെക്കൻ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ തരംഗങ്ങൾ കൃത്യമായി പ്രതിഫലിക്കും. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് കണക്കുകൾ ഇക്കാര്യത്തിൽ കൃത്യമായ സൂചന നൽകുന്നവയാണ്.
2010ൽ എൽഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകൾ നോക്കുക. അവയിൽ 31 എണ്ണവും ജയിച്ചത് യുഡിഎഫ് ആണ്. എൽഡിഎഫിന് വ്യക്തമായ മേൽക്കൈ കിട്ടിയത് 28 എണ്ണത്തിൽ മാത്രമായിരുന്നു. 14 ഗ്രാമപഞ്ചായത്തുകളിൽ വ്യക്തമായ ഫലം ഉണ്ടായില്ല. വെള്ളറട, പെരുംകടവിള, അമ്പൂരി, കാഞ്ഞിരംകുളം, കൊട്ടുകാൽ, ബാലരാമപുരം, മലയിൻകീഴ്, ആണ്ടൂർക്കോണം, വെള്ളനാട് തുടങ്ങിയ തെക്കൻ പഞ്ചായത്തുകളൊക്കെ യുഡിഎഫ് പിടിച്ചെടുത്തു.
കേരളത്തിലങ്ങോളമിങ്ങോളം യുഡിഎഫ് അനുകൂല തരംഗമുണ്ടെങ്കിൽ മാത്രം സാധിക്കുന്നതാണ് ഈ സംഭവം. ഈ തരംഗത്തിലും ആര്യനാട്, ഉഴമലയ്ക്കൽ, കരകുളം, വെമ്പായം, മണിക്കൽ തുടങ്ങിയ പഞ്ചായത്തുകൾ എൽഡിഎഫിന് അനുകൂലമായി നിന്നു. കൊല്ലം ജില്ലയിലേക്കു വന്നാൽ 24 പഞ്ചായത്തുകൾ യുഡിഎഫ് നേടി എന്നതായിരുന്നു മഹാത്ഭുതം.
കൊല്ലം ജില്ലയിൽ ഏതു തരംഗത്തിലും 10 പഞ്ചായത്തുകളിൽ കൂടുതൽ യുഡിഎഫ് നേടിയ ചരിത്രം ഉണ്ടായിരുന്നില്ല. എൽഡിഎഫ് അധീശത്വം തുടർന്നെങ്കിലും യുഡിഎഫ് നേടിയ 24 പഞ്ചായത്തുകൾ തന്നെ വലിയ തരംഗത്തിന്‍റെ സൂചനയായിരുന്നു. ക്ലാപ്പന, ആലപ്പാട്, ശാസ്താംകോട്ട, ശൂരനാട് തെക്ക്, വെട്ടിക്കവല, മേലില, പവിത്രേശ്വരം, തലവൂർ, പിറവന്തൂർ തുടങ്ങിയ പഞ്ചായത്തുകളിലൊക്കെ യുഡിഎഫ് ആണ് 2010ൽ ജയിച്ചത്.
തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ആറെണ്ണവും യുഡിഎഫ് നേടിയതും അമ്പരപ്പായിരുന്നു. പാറശ്ശാല, അതിയന്നൂർ, നേമം, പുത്തൻകോട്, വെള്ളനാട്, വാമനപുരം ബ്ലോക്ക് പഞ്ചായത്തുകളാണ് യുഡിഎഫ് നേടിയത്. മൊത്തം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ 84 എണ്ണവും ജയിച്ചത് യുഡിഎഫ് ആയിരുന്നു. ഈ യുഡിഎഫ് തരംഗത്തിലും അന്ന് എൽഡിഎഫിനൊപ്പം നിന്നത് നെടുമങ്ങാട്, ചിറയിൻകീഴ്, കിളിമാനൂർ, വർക്കല ബ്ലോക്കു പഞ്ചായത്തുകളാണ്. ചിറയിൻ കീഴിലെ പതിമൂന്നിൽ പത്തും കിളിമാനൂരിലെ പതിനഞ്ചിൽ പത്തും നേടിയാണ് എൽഡിഎഫ് തരംഗത്തെ അതിജീവിച്ചത്.