വയനാട്: ഏത് തെരഞ്ഞെടുപ്പിലാണെങ്കിലും യുഡിഎഫ് തേരോട്ടം നടക്കാറുള്ള വനാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ അങ്ങനെ അല്ല കാര്യം. ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് മേൽക്കൈ കിട്ടുമെങ്കിലും നഗരസഭകളിൽ എല്ലായ്‌പോഴും അത് ദൃശ്യമാകാറില്ല. ചില പഞ്ചായത്തുകൾ എൽഡിഎഫിന്‍റെ കുത്തകയാണെന്നതും ശ്രദ്ധേയമാണ്.
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വയനാട് എക്കാലവും യുഡിഎഫ് കോട്ടയാണ്. എന്നാൽ ആ അധീശത്വം തദ്ദേശ തെരഞ്ഞെടുപ്പിൽ അതേ അളവിൽ കാണാറില്ല. ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് മേൽക്കൈ കിട്ടുമെങ്കിലും നഗരസഭകളിൽ എല്ലായ്പ്പോഴും അത് ദൃശ്യമാകില്ല. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 14 ഗ്രാമ പഞ്ചായത്തുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫിന് കിട്ടിയത് ഏഴുമാത്രമാണ്. ശേഷിക്കുന്ന രണ്ടെണ്ണത്തിൽ ടൈ ആയിരുന്നു. 2015ൽ അന്തരം ഇത്രയ്ക്ക് ഉണ്ടായിരുന്നില്ല. യുഡിഎഫിന് 12ഉം എൽഡിഎഫിന് 11ഉം ആയിരുന്നു.
എത്ര കടുത്ത മത്സരം ഉള്ളപ്പോഴും വയനാട്ടിലെ ഗ്രാമങ്ങളിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടാകും എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. 2020ൽ ഫലം വന്നപ്പോൾ ജില്ലാ പഞ്ചായത്തിലേക്ക് തുല്യം ഡിവിഷനുകളിലാണ് ഇരുമുന്നണികളും ജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും എട്ടു വീതം സീറ്റുകളിൽ വിജയം. 2015ൽ യുഡിഎഫ് 11 ഡിവിഷനുകൾ നേടിയിരുന്നു. എൽഡിഎഫിന് കിട്ടിയത് അഞ്ചു മാത്രവും. 2020ൽ നാലു ബ്ലോക്കുകൾ ഉള്ളതിൽ രണ്ടെണ്ണം വീതം എൽഡിഎഫും യുഡിഎഫും ജയിക്കുകയായിരുന്നു. 2015ൽ പക്ഷേ മൂന്നു ബ്ലോക്കും ജയിച്ചത് യുഡിഎഫ് ആയിരുന്നു. സുൽത്താൻ ബത്തേരി എൽഡിഎഫിനും പനമരം, മാനന്തവാടി, കൽപ്പറ്റ ബ്ലോക്കുകൾ യുഡിഎഫിനും.
വയനാട്ടിലെ നഗരസഭകളിലേക്കു വന്നാൽ അൽപ്പം വ്യത്യസ്തമാണ് ചിത്രം. 2020ൽ കൽപ്പറ്റ, സുൽത്താൻ ബത്തേരി നഗരസഭകൾ എൽഡിഎഫ് നേടി. മാനന്തവാടിയിൽ യുഡിഎഫും ജയിച്ചു. 2015ൽ കൽപ്പറ്റയും, സുൽത്താൻ ബത്തേരിയും ജയിച്ചത് യുഡിഎഫ് ആയിരുന്നു. മാനന്തവാടി മാത്രം എൽഡിഎഫും. 2015ലെ ഫലം നേരെ തിരിഞ്ഞുവന്നതാണ് 2020ൽ കണ്ടത്. ഗ്രാമപഞ്ചായത്തുകളിൽ 2020ൽ എൽഡിഎഫ് ഭരണം ഉണ്ടായിരുന്നത് അമ്പലവയൽ, പൊഴുതന, തൊണ്ടർനാട്, വെള്ളമുണ്ട, വെങ്ങാപ്പള്ളി, വൈത്തിരി പഞ്ചായത്തുകളിലായിരുന്നു.
വയനാട്ടിൽ യുഡിഎഫ് മേൽക്കോയ്മ പറയുമ്പോഴും ചില പഞ്ചായത്തുകളുണ്ട്. അവിടെ എൽഡിഎഫിന്‍റെ കുത്തകയാണ്. തിരുനെല്ലി പഞ്ചായത്ത് എടുക്കുക. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനേഴിൽ 16ഉം ജയിച്ചത് എൽഡിഎഫാണ്. ഒരിടത്ത് എൽഡിഎഫ് സ്വതന്ത്രനും. 2015ലും ഏതാണ്ട് സമാനമായിരുന്നു സ്ഥിതി. പതിനേഴിൽ 16ഉം എൽഡിഎഫ്. ഒരെണ്ണം യുഡിഎഫ്. നക്സൽ കാലത്ത് തീവ്ര ഇടത് ആശയങ്ങളോട് സമരസപ്പെട്ട തിരുനെല്ലി അതിനു മുൻപും ശേഷവുമുള്ള കാലത്ത് ഇടതുപക്ഷത്തു തന്നെയായിരുന്നു. അവിടെ ഓരോ വാർഡിലും വലിയ വോട്ട് വ്യത്യാസത്തിനുമാണ് എന്തു തരംഗമുള്ളപ്പോഴും എൽഡിഎഫ് സ്ഥാനാർഥികൾ ജയിക്കുന്നത്.