വയനാട്: മറ്റൊരു തെരഞ്ഞെടുപ്പ് കാലം എത്തുമ്പോൾ മേപ്പാടി പഞ്ചായത്തിന്റെ ഭൂപടത്തിൽ ഇത്തവണ മുണ്ടക്കൈ എന്ന വാർഡില്ല. മഹാദുരന്തം കവർന്നെടുത്ത മുണ്ടക്കൈയിലെ സ്കൂളും വീടുകളുമെല്ലാം ഇന്ന് കാട് മൂടി. അതിജീവനത്തിന്റെ ഈ തെരഞ്ഞെടുപ്പിൽ മുണ്ടക്കൈയും ചൂരൽമലയും ചേർത്ത് ഒരു വാർഡ് ആക്കി മാറ്റിയിരിക്കുകയാണ്.
ഓരോ തെരഞ്ഞെടുപ്പും ആവേശമാക്കിയ ഒരു നാട്. തെരഞ്ഞെടുപ്പ് ആയാൽ വഴിയോരങ്ങമെല്ലാം കൊടി തോരണങ്ങൾ കൊണ്ട് നിറയും. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം ഉത്സവമാക്കിയ മുണ്ടക്കൈയിൽ ഇന്ന് നിശബ്ദമാണ്.
ഒരുമിച്ചു കൂടിയ ഇടങ്ങളിലെല്ലാം കാട് മൂടി തുടങ്ങി. സർവതും ഉരുൾ എടുത്തത്തോടെ ഇത്തവണ രാഷ്ട്രീയ ചർച്ചകളും തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമില്ല ഇവിടെയില്ല. ചൂരൽ മലയിലേയും മുണ്ടകൈയിലെയും വോട്ടർമാർക്ക് ഇത് ഒരു ഓർമയുടെ തെരഞ്ഞെടുപ്പുകാലം കൂടിയാണ്.
മുന്നണികളെ നയിച്ച നേതാക്കളിൽ പലരും ഇന്ന് കൂടെയില്ല. ഈ മണ്ണിൽ ദുരന്തം ബാക്കിയവർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ജീവിതം കരുപടിപ്പിക്കുന്നത്. പോളിങ് ബൂത്ത് ആയിരുന്ന വിദ്യാലയവും ദുരന്തത്തിന്റെ ഓർമയായി അവശേഷിക്കുകയാണ്.
ഇത്തവണ പോളിങ് ബൂത്ത് സജ്ജമാക്കിയിട്ടുള്ളത് ചൂരൽ മലയിലാണ്. ദുരന്തബാധിതർ സർക്കാരിന്റെയും, സന്നദ്ധ സംഘടനകളുടെയും വീടുകളിലേക്ക് മാറുന്നതോടെ ഇവരുടെ വോട്ടും പലയിടങ്ങളിലേക്ക് മാറും. ദുരന്തം അടർത്തി മാറ്റിയ മുണ്ടകൈക്കാരുടെ ജന്മ നാട്ടിലെ അവസാനത്തെ തെരഞ്ഞെടുപ്പ് കൂടിയാണിത്.