തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് സിറോ മലബാർ സഭയുടെ തൃശൂർ അതിരൂപത. അവകാശങ്ങൾ നേടാൻ ഒറ്റക്കെട്ടായി പൊരുതുകയെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്ക സഭ'യുടെ ഡിസംബർ ലക്കത്തിലാണ് ആർച്ച് ബിഷപ്പിന്റെ മുഖപ്രസംഗം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മുതൽ അധ്യാപക നിയമനം വരെയുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് വിമർശനം. മതപീഡനത്തിന്റെ പേരിൽ ബിജെപിക്കും മുഖപ്രസംഗത്തിൽ മുന്നറിയിപ്പ്.
സംസ്ഥാനത്ത് ക്രൈസ്തവരുടെ അവകാശങ്ങൾ സർക്കാർ കയ്യടക്കുന്നുവെന്ന് ലേഖനത്തിൽ പറയുന്നു. ക്രൈസ്തവർ എല്ലാ സാമൂഹിക രംഗങ്ങളിൽ നിന്നും പിന്തള്ളപ്പെടുന്നു. സംസ്ഥാനത്ത് വ്യവസായത്തിന് ഇറങ്ങാൻ ആളുകൾക്ക് ഭയമുണ്ടാകുന്നു. ചെറുകിട കച്ചവടക്കാർക്കും കർഷകർക്കും ഇവിടെ നിലനിൽപ്പില്ല. ഇതെല്ലാം മനസിൽ കരുതി വോട്ട് ചെയ്യണമെന്നും ലേഖനത്തിൽ ആഹ്വാനം.