മറുപടിയില്ലാതെ നേതാക്കൾ; രാഹുലിനെതിരായ ആരോപണങ്ങളിൽ യുഡിഎഫ് നേതൃത്വം പ്രതിരോധത്തിൽ

രാഹുല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞാണ് കെ. മുരളീധരന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽSource; Social Media
Published on
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ യുവതിയുടെ ഗുരുതര ആരോപണം പുറത്ത് വന്നതോടെ യുഡിഎഫ് നേതൃത്വം പ്രതിരോധത്തില്‍. കോൺഗ്രസിനെ കടന്നാക്രമിച്ച് സിപിഐഎമ്മും ബിജെപിയും രംഗത്തെത്തിയപ്പോള്‍ ദുര്‍ബലമായ പ്രതിരോധമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പിആര്‍ ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തി പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഗര്‍ഭധാരണത്തിനും ഗര്‍ഭഛിദ്രത്തിനും രാഹുല്‍ തന്നെയാണ് യുവതിയെ നിര്‍ബന്ധിച്ചതെന്ന് തെളിയിക്കുന്ന സംഭാഷണവും വാട്സപ്പ് ചാറ്റും പുറത്ത് വന്നത്.

ഒരു രാഷ്ട്രീയക്കാരനെതിരെ അടുത്ത കാലത്ത് ഉയര്‍ന്ന് വന്ന ഏറ്റവും ഗുരുതരമായ ലൈംഗീകാരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാസങ്ങള്‍ക്ക് മുമ്പുണ്ടായത്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്‍റെ ഇഷ്ടക്കാര്‍ക്ക് സീറ്റ് വാങ്ങി നല്‍കിയും തെരഞ്ഞെടുപ്പ് പ്രചാര രംഗത്ത് എല്ലാ നേതാക്കളെയും പോലെ സജീവമായും മുന്നോട്ട് പോകുന്ന രാഹുലിനെയാണ് രാഷ്ട്രീയ കേരളം പിന്നീട് കണ്ടത്.

രാഹുൽ മാങ്കൂട്ടത്തിൽ
"രാഹുലിൻ്റെ സസ്പെൻഷൻ കടലാസിൽ മാത്രമോ?" കുറ്റാരോപിതനെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ കോൺഗ്രസിന് എങ്ങനെ കഴിയുന്നെന്ന് വി. ശിവൻകുട്ടി

ഇതിനിടയിലാണ് രാഹുലിന്‍റെ കപട മുഖം വ്യക്തമാകുന്ന പുതിയ തെളിവുകള്‍ പുറത്തേക്ക് വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത് നേട്ടമുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണം യുഡിഎഫിനെയാകെ പിന്നോട്ടടിക്കും. പകുതിയിലേറെ സ്ത്രീകള്‍ മത്സരരംഗത്തുള്ള കൂടുതല്‍ വോട്ടര്‍മാര്‍ സ്ത്രീകളായ സംസ്ഥാനത്ത് രാഹുലിനെപ്പോലെയൊരു പീഡകനെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയതിന് മറുപടി നല്‍കാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല.

രാഹുല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കും എന്ന് തിരിച്ചറിഞ്ഞാണ് കെ മുരളീധരന്‍റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഇടത് മുന്നണിയും ബിജെപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഇപ്പോള്‍ തന്നെ സജീവ ചര്‍ച്ച വിഷയമാക്കി കഴിഞ്ഞു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്നവരാണ് കോണ്‍ഗ്രസും യുഡിഎഫും എന്നാണ് പ്രചാരണം.

ആദ്യം ഗർഭധാരണത്തിനും പിന്നീട് ഗർഭഛിദ്രത്തിനും നിർബന്ധിച്ച മാങ്കൂട്ടത്തിലിൻ്റെ സംഭാഷണം പുറത്ത് വന്നതോടെ കടുത്ത വിമർശനവുമായാണ് സിപിഐഎം നേതാക്കള്‍‌ രംഗത്തെത്തിയത്. യുഡിഎഫ് പ്രചാരണ വേദികളിൽ മാങ്കൂട്ടത്തിലിനെ എത്തിച്ച കോൺഗ്രസ് നേതാക്കളെ ഉന്നമിട്ടായിരുന്നു എം.വി. ജയരാജന്‍റെ വിമർശനം.

രാഹുൽ മാങ്കൂട്ടത്തിൽ
രാജ്യത്തെ നിയമത്തിനെതിരായി ഒന്നും ചെയ്തിട്ടില്ല, നിയമപരമായി മുന്നോട്ട് പോകും: രാഹുല്‍ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയിലടക്കം ഇപ്പോള്‍ തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്. നഗരസഭയിലെ അന്തഃഛിദ്രത്തിൽ ഉലഞ്ഞ ബിജെപിയും മാങ്കൂട്ടത്തിലിന് എതിരെ പ്രതിഷേധം ശക്തമാക്കുകയാണ്. രാഹുലിനെ വെള്ളപൂശാന്‍ രംഗത്തിറങ്ങിയ പാലക്കാട് എംപി അടക്കമുള്ള നേതാക്കളും ഇനി മറുപടി പറഞ്ഞ് പോകേണ്ടി വരും. അത് കൊണ്ട് തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരിടത്തും രാഹുലിന്‍റെ സാന്നിധ്യം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയേക്കാനാണ് സാധ്യത.

എന്നാല്‍ ഒരു കാരണവശാലും നേതാക്കള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടതില്ലെന്ന മുന്‍ നിലപാട് രാഹുല്‍ ആവര്‍ത്തിച്ചേക്കുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയാണെങ്കിലും തന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നതാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നത്. സിനിമ താരങ്ങള ഉപയോഗിച്ച് മണ്ഡലത്തിലെ പദ്ധതികളുടെ ഉദ്ഘാടനവും ഓണ്‍ലൈന്‍ ചാനലുകളെ രംഗത്തിറക്കി റീല്‍സ് ചിത്രീകരണവുമായിരുന്നു രാഹുലിന്‍റെ രീതി. ഇതിന് സൈബറിടത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ വലിയ പിന്തുണയും ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സൈബര്‍ കൂട്ടങ്ങളടക്കം താല്‍ക്കാലികമായി പിന്‍മാറിയേക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com