

തദ്ദേശ തെരഞ്ഞെടുപ്പിലെ യു ഡി എഫ് കൊടുങ്കാറ്റിൽ കടപുഴകിയതിൽ ഇടതുപക്ഷത്തിന്റെ ഉരുക്ക് കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കൊല്ലം ജില്ലയും. വോട്ടെണ്ണലിനിടെ ഒരു ഘട്ടത്തിൽ മുന്നണി മൂന്നാം സ്ഥാനത്തേക്ക് വരെ വീണു. എൽഡിഎഫ് ആധിപത്യം പുലർത്തിയിരുന്ന മുൻസിപ്പാലിറ്റികളിൽ പലതിലും എൻഡിഎ അക്കൗണ്ട് തുറന്നു.ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടക്കത്തിൽ നിന്നും ഒരക്കത്തിലേക്ക് കൂപ്പുകുത്തി.കൈപ്പിടിയിലായിരുന്ന പഞ്ചായത്തുകൾ പലതും യുഡിഎഫും എൻഡിഎയും പിടിച്ചെടുത്തു.കൊല്ലത്തെ പാർട്ടിക്കേറ്റ തിരിച്ചടിയുടെ ആഴവും നൽകുന്ന പാഠവും വലുതാണ്.
തെക്കൻ കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ കോട്ടയിലാണ് ഇപ്പോൾ ത്രിവർണ പതാക പാറിപ്പറക്കുന്നത്. നാലുപതിറ്റാണ്ട് ഭരിച്ച കൊല്ലം കോർപറേഷനാണ് എൽഡിഎഫിന് കൺമുന്നിൽ നഷ്ടമായത്. രണ്ട് സിറ്റിങ് ബ്ലോക്ക് പഞ്ചായത്തുകൾക്കൊപ്പം ഗ്രാമ പഞ്ചായത്തുകളിൽ കൈവശമുണ്ടായിരുന്ന ഓച്ചിറയും പത്തനാപുരവും ഉൾപ്പെടെ എൽഡിഎഫിന് നഷ്ടപ്പെട്ടു.
കൊല്ലം കോർപ്പറേഷനിലെ വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് എൽഡിഎഫ് പിന്തള്ളപ്പെട്ടു. പാർട്ടി മുഖമെന്ന നിലയിൽ രംഗത്തിറങ്ങിയ പലരും തോറ്റു. മേയറും മുൻമേയറും പരാജയപ്പെട്ടു. ചരിത്രത്തിലാദ്യമായി കൊല്ലം കോർപ്പറേഷനിൽ എൻഡിഎ രണ്ടക്കം തികച്ചു. സമരം കൊണ്ട് പാർട്ടിയെ വളർത്തിയ മണ്ണിൽ പരാജയത്തിന് ഇരട്ട പ്രഹരമായിരുന്നു എൻഡിഎയുടെ മുന്നേറ്റം. ചരിത്രത്തിലാദ്യമായി സിപിഐക്ക് കൊല്ലം കോർപ്പറേഷനിൽ കൗൺസിലർ ഇല്ലാതായി.
എൽഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി പിടിച്ചെടുത്താണ് യുഡിഎഫ് കരുത്ത് കാട്ടിയത്. പുനലൂർ മുൻസിപ്പാലിറ്റിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിജയം ഉറപ്പിക്കാനായത്. നഗരസഭയിൽ ആദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത് പരവൂരും കൊട്ടാരക്കരയിലും മാത്രമാണ്.
ജില്ല പഞ്ചായത്തിൽ ഭേദപ്പെട്ട പ്രകടനം നടത്തിയതൊഴിച്ചാൽ ബ്ലോക്കിലും, ഗ്രാമപഞ്ചായത്തിലും എൽഡിഎഫിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിടത്തുണ്ടായിരുന്ന എൽഡിഎഫ് എട്ടിലേക്ക് വീണു. നഷ്ടപ്പെട്ടതിൽ ഓച്ചിറയും പത്തനാപുരവും ഉൾപ്പെടെയുണ്ടെന്നത് എൽഡിഎഫിനെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുമെന്ന് തീർച്ചയാണ്. ഗ്രാമപഞ്ചായത്തുകളിൽ പട്ടാഴി വടക്കേക്കരയും, നെടുവത്തൂരും, ചിറക്കരയും, കുളത്തൂപ്പുഴയും ഉൾപ്പെടെ എൽഡിഎഫിന് നഷ്ടമായി. നാലര പതിറ്റാണ്ടിന് ശേഷമാണ് വടക്കേക്കര പഞ്ചായത്ത് യുഡിഎഫ് പിടിച്ചത്. അതേസമയം നെടുവത്തൂരും, ചിറക്കറയും എൻഡിഎ പിടിച്ചെടുത്തു. പഞ്ചായത്ത് ഭരണം നഷ്ടമായില്ലെങ്കിലും കൊല്ലത്തിൻ്റെ തന്നെ വിപ്ലവഭൂമിയെന്നറിയപ്പെടുന്ന കടക്കലിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നു. അതേസമയം, ജില്ലയുടെ കിഴക്കൻ മേഖലകളിൽ എൽഡിഎഫ് മേൽക്കൈ തുടർന്നു.
എൽഡിഎഫിലെ മുന്നണി പ്രശ്നത്തിനൊപ്പം, സംഘടനാ ദൗർബല്യങ്ങളും പാർട്ടിക്ക് തിരിച്ചടിയായെന്ന് വ്യക്തമായിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ സംഘടനാ പ്രതിസന്ധി മുതൽ സിപിഐയിലെ രാഷ്ട്രീയ അനിശ്ചിതത്വം വരെ പലതും തിരിച്ചടിക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ.