പഞ്ചായത്തുകളെക്കൊണ്ട് എന്തു പ്രയോജനം? മെമ്പർക്കെന്താണ് കാര്യം? തദ്ദേശ സർക്കാരുകൾ ചെയ്യുന്നത് എന്താണ്

സംസ്ഥാനത്തിന്‍റെ മൊത്തം പദ്ധതി വിഹിതത്തിൽ 27.5 ശതമാനം കൈകാര്യം ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്
പഞ്ചായത്തുകളെക്കൊണ്ട് എന്തു പ്രയോജനം? മെമ്പർക്കെന്താണ് കാര്യം? തദ്ദേശ സർക്കാരുകൾ ചെയ്യുന്നത് എന്താണ്
Published on
Updated on

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഓളമാണ് കേരളം അങ്ങോളമിങ്ങോളവും. പക്ഷെ ഇപ്പോൾ സമൂഹമാധ്യമത്തിൽ പലയിടത്തും തദ്ദേശ തെരഞ്ഞെടുപ്പ് എന്ന സംവിധാനത്തെ തന്നെ കളിയാക്കുന്ന റീലുകളും ട്രോളുകളും കണ്ടുതുടങ്ങിയിരിക്കുന്നു. ഇതുകൊണ്ട് ഒക്കെ എന്ത് പ്രയോജനം? എന്താണ് ഈ തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുന്നത്. എന്ത് പ്രയോജനമാണ് അതിനെക്കൊണ്ടുള്ളത് എന്നൊക്കെയാണ് ചോദ്യങ്ങൾ. ഉത്തരം അറിയാം....

പഞ്ചായത്തുകളെക്കൊണ്ട് എന്തു പ്രയോജനം?

തെരഞ്ഞെടുപ്പിന്‍റെ ബഹളം കാണുമ്പോൾ അങ്ങനെ ചോദിക്കുന്ന അനേകരെ ചുറ്റുംകാണാം. മെംബറായി ജയിച്ചുപോയിട്ട് എന്തു മലമറിക്കാനാണ് എന്നു ചോദിക്കുന്നവരാണ് കൂടുതൽ. മറ്റെല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഭിന്നമായി കേരളത്തിന്‍റെ ധനസ്ഥിതിയിൽ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും വലിയ പങ്കുണ്ട്. എത്ര ലക്ഷം കിലോമീറ്റർ റോഡാണ് പഞ്ചായത്തുകളും നഗരസഭകളും കൈകാര്യം ചെയ്യുന്നത് എന്നറിയുമോ? ഒരു ലക്ഷത്തി തൊണ്ണൂറ്റിയൊൻപതിനായിരത്തി തൊള്ളായിരത്തി അൻപത്തിമൂന്നു കിലോമീറ്റർ റോഡുകളാണ് തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ളത്. മൊത്തം റോഡുകളുടെ 79 ശതമാനം വരുമിത്. കേരളത്തിൽ ദേശീയ പാത വെറും 1,781 കിലോമീറ്ററേയുള്ളു. സംസ്ഥാന പാത 4,127 കിലോമീറ്ററും. ജില്ലാ റോഡുകൾ 25,394 കിലോമീറ്ററും. അവിടെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ 1.99 ലക്ഷം കിലോമീറ്റർ റോഡുകൾ.

148 ലക്ഷം വാഹനങ്ങളാണ് കേരളത്തിൽ ഉള്ളത്. അവയിൽ 65 ശതമാനവും ഇരുചക്ര വാഹനങ്ങളാണ്. 22 ശതമാനം കാറുകളും ടാക്സികളും ജീപ്പുകളും വരും. ഇവയിൽ ഭൂരിപക്ഷവും കടന്നുപോകുന്നത് പ്രാദേശിക സർക്കാരുകൾ നിർമിക്കുന്ന റോഡുകളിലൂടെയാണ്. നമ്മുടെ പഞ്ചായത്തംഗങ്ങളുടേയും നഗരസഭ കൗൺസിലർമാരുടേയും പ്രധാന ഉത്തരവാദിത്തം ഈ റോഡുകളാണ്. അതിനൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങളുമുണ്ട്. എൽപി, യുപി, ഹൈസ്കൂൾ എന്നിവയായി 5510 സർക്കാർ സ്കൂളുകളുണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. കഴിഞ്ഞില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, വെറ്ററിനറി ആശുപത്രികൾ, കൃഷി ഓഫിസുകൾ, ആയുർവേദ-ഹോമിയോ ആശുപത്രികൾ കൃഷി ഓഫിസുകൾ എന്നിവയെല്ലാം പഞ്ചായത്തുകളുടെ ചുതലയിലാണ്.

പഞ്ചായത്തുകളെക്കൊണ്ട് എന്തു പ്രയോജനം? മെമ്പർക്കെന്താണ് കാര്യം? തദ്ദേശ സർക്കാരുകൾ ചെയ്യുന്നത് എന്താണ്
ആദ്യം വിമതശല്യം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂറുമാറ്റം; പിന്നാലെ അയോഗ്യരായത് ആരൊക്കെ?

സംസ്ഥാനത്തിന്‍റെ മൊത്തം പദ്ധതി വിഹിതത്തിൽ 27.5 ശതമാനം കൈകാര്യം ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങളാണ്. കഴിഞ്ഞവർഷത്തെ തുക മാത്രം 8,352 കോടി രൂപ വരും. സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിക്കുറയ്ക്കുന്നുവെന്നൊക്കെ പരാതികൾ ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്തിന്‍റെ നടത്തിപ്പിൽ നല്ലൊരു ശതമാനം നിർവഹിക്കുന്നത് പഞ്ചായത്തുകളും നഗരസഭകളുമാണ്. പൊലീസും വനംവകുപ്പും എക്സൈസും ഒഴികെയുള്ള സംവിധാനങ്ങളിലെല്ലാം ഏറിയും കുറഞ്ഞും പഞ്ചായത്തുകൾക്ക് ഉത്തരവാദിത്തങ്ങളുണ്ട്.

നമ്മൾ ജയിപ്പിച്ചുവിടുന്ന ഓരോ അംഗത്തിനും വലിയ ചുമതലകളാണുള്ളത്. നമ്മുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരിനുള്ളതുപോലെ തന്നെ ഉത്തരവാദിത്തം തദ്ദേശ സർക്കാരുകൾക്കുമുണ്ട്. ഒരുകാര്യത്തിൽ നമുക്ക് അഭിമാനിക്കാം. രാജ്യത്ത് ഏറ്റവും നല്ല നിലയിൽ തദ്ദേശ സ്ഥാപനങ്ങളെ കൊണ്ടു നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com