കണ്ണൂർ: രാഷ്ട്രീയം പ്രാണവായു പോലെ കൊണ്ടു നടക്കുന്ന നാടും നാട്ടുകാരമാണ് കണ്ണൂരിലേത്. രാഷ്ട്രീയം പറഞ്ഞ് രാഷ്ട്രീയം ശ്വസിച്ച് രാഷ്ട്രീയം ഊണിലും ഉറക്കത്തിലും കൊണ്ടു നടക്കുന്നവരുടെ നാട്. ഇക്കാലം വരെ കണ്ണൂർ കോർപ്പറേഷനിലെ രാഷ്ട്രീയ ഗതി എങ്ങനെയായിരുന്നു? ഇനി എങ്ങനെയാവാം? പോൾ പോട്ടിലേക്ക്
കോർപ്പറേഷനാകുമ്പോൾ 140 വർഷത്തിലേറെ നഗരസഭയായി പ്രവർത്തിച്ച പാരമ്പര്യമുണ്ടായിരുന്ന കണ്ണൂരിന്. അല്ലെങ്കിൽ ഇത് മറ്റൊരു വിധത്തിലും പറയാം. 140 വർഷം മുനിസിപ്പാലിറ്റിയായി നിന്ന ശേഷമാണ് കണ്ണൂരിന് കോർപ്പറേഷൻ ആകാൻ കഴിഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് സൈനിക കേന്ദ്രം എന്ന നിലയിൽ മുനിസിപ്പാലിറ്റി ആയതാണ് കണ്ണൂര്. സൈനിക ആസ്ഥാനത്തിനപ്പുറമുള്ള വികസനമൊന്നും പിന്നീട് വരാത്തതിനാലാണ് ദീർഘകാലം മുനിസിപ്പാലിറ്റി മാത്രമായി നിലനിൽക്കേണ്ടി വന്നത്. മുനിസിപ്പാലിറ്റിയിൽ നിന്ന് കോർപ്പറേഷൻ ആയിട്ട് പത്തുവർഷം ആകുന്നതേയുള്ളൂ. കോർപ്പറേഷനായശേഷമുള്ള ആദ്യ അഞ്ചുവർഷം സംഭവ ബഹുലമായിരുന്നു.
2015ലെ ആദ്യ തെരഞ്ഞെടുപ്പിലാണ് കണ്ണൂർ കോർപ്പറേഷൻ ജനാധിപത്യത്തിലെ നിർണായകമായ വിധിയെഴുതിയത്. എൽഡിഎഫിനും യുഡിഎഫിനും 27 സീറ്റു വീതം. പിന്നാലെ ജയിച്ചിരിക്കുന്നത് യുഡിഎഫ് വിമതനായ പി കെ രാഗേഷും. രാഗേഷ് തുടക്കത്തിൽ എൽഡിഎഫിനൊപ്പം നിന്നു. അങ്ങനെ എൽഡിഎഫിലെ ഇ പി ലത മേയറായി. രാഗേഷ് ഡപ്യൂട്ടി മേയറുമായി. പക്ഷേ ഈ ഭരണം അധികകാലം നീണ്ടില്ല. രാഗേഷ് യുഡിഎഫിലേക്കു ചുവടുമാറ്റി. അതോടെ ഭരണം യുഡിഎഫിന് സ്വന്തമായി. ഇതിനു ശേഷവും നിരവധി ചാഞ്ചാട്ടങ്ങളുണ്ടായി. കോൺഗ്രസിലെ സുമ ബാലകൃഷ്ണനും സി സീനത്തുമൊക്കെ മേയർ കസേരയിൽ മാറി മാറി ഇരുന്നു.
2020ൽ വ്യക്തമായ ഭൂരിപക്ഷമാണ് യുഡിഎഫിന് കിട്ടിയത്. 34 സീറ്റ് പിടിച്ച് യുഡിഎഫ് അധികാരത്തിലെത്തി. 19 സീറ്റായിരുന്നു എൽഡിഎഫിന്. ഒരു സീറ്റിൽ എൻഡിഎയാണ് വിജയിച്ചത്. പി കെ രാഗേഷ് യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ജയിച്ചുവന്നതും ഈ തെരഞ്ഞെടുപ്പിലാണ്. കോൺഗ്രസിന്‍റെ ടി ഒ മോഹനനും മുസ്ലിം ലീഗിന്‍റെ മസ്‍ലിഹ് മടത്തിലും ഊഴംവച്ച് മേയർമാരായി.
കണ്ണൂർ നിയമസഭാ മണ്ഡലം എന്നതുപോലെ കണ്ണൂർ നഗരസഭയും രാഷ്ട്രീയമായി ഇടതുകോട്ടയല്ല. കണ്ണൂർ നിയമസഭയിൽ എൻ. രാമകൃഷ്ണനും കെ. സുധാകരനുമൊക്കെയാണ് ദീർഘകാലം ജയിച്ചത്. പിന്നീട് കോൺഗ്രസിന്‍റെ കൂടെയെത്തിയ എ.പി. അബ്ദുള്ളക്കുട്ടിയും ജയിച്ചു. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ഇടതുപക്ഷത്തിനായി കടന്നപ്പള്ളി രാമചന്ദ്രൻ ജയിച്ചത്. മുനിസിപ്പാലിറ്റി ആയിരുന്നപ്പോഴും കോർപ്പറേഷൻ ആയി മാറിക്കഴിഞ്ഞും കണ്ണൂരിൽ ഈ രാഷ്ട്രീയ ദിശ കാണാം. പഴയ കണ്ണൂർ മുനിസിപ്പാലിറ്റിയ്ക്കൊപ്പം പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ എന്നീ പഞ്ചായത്തുകൾ ചേർന്നു കഴിഞ്ഞിട്ടും രാഷ്ട്രീയത്തിന് വലിയ മാറ്റം വന്നിട്ടില്ല.