
വിപണി ഇടപെടലിനായി സപ്ലൈകോയ്‌ക്ക് കൂടുതൽ തുക അനുവദിച്ച് ധനവകുപ്പ്. 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബജറ്റിൽ 205 കോടി രൂപ സപ്ലൈകോയ്ക്ക് വകയിരുത്തിയിരുന്നു.
നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വിലകുറച്ച് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 100 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചത്. ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് കുടിശ്ശിക നൽകുന്നതിനും ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനവകുപ്പ് അറിയിച്ചു. വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ ആവശ്യത്തിനായി ബജറ്റിലെ വകയിരുത്തൽ 205 കോടി രൂപ ആയിരുന്നുവെങ്കിലും 391 കോടി രൂപ അനുവദിച്ചിരുന്നു. ഓണക്കാലം മുതലുള്ള വിപണി ഇടപെടലിന് ധനവകുപ്പിൽനിന്ന് ലഭിക്കാനുള്ളത് കോടികളാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
1,525 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് വിവരം. ഇതില്‍ 700 കോടിയോളം രൂപ സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാർക്ക് നൽകാനുമുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചെങ്കിലും പരിഹാരമുണ്ടാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 500 കോടിയെങ്കിലും വേണമെന്നിരിക്കെയാണ് ധനവകുപ്പ് 100 കോടി നൽകിയിരിക്കുന്നത്.