
കർണാടകയിൽ തദ്ദേശീയർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി വിഭാഗം ജോലികൾക്ക് നൂറ് ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നൽകിയെന്ന പോസ്റ്റ് എക്സിൽ നിന്ന് പിൻവലിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
പോസ്റ്റ് വിവാദമായതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി കർണാടക തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ് രംഗത്തെത്തി. മാനേജ്‌മെന്റ് ഇതര തസ്തികകളില്‍ 70 ശതമാനമായും മാനേജ്‌മെന്റ് തലത്തിലുള്ള തസ്തികകളില്‍ 50 ശതമാനമായും സംവരണം നിജപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ തസ്തികകളിലേക്ക് യോഗ്യരായ തദ്ദേശീയരെ കണ്ടെത്തുവാൻ സാധിക്കുന്നില്ലെങ്കിൽ അന്യ സംസ്ഥാനങ്ങളിലുള്ളവർക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് കർണാടകയിൽ ക്ഷാമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിൽ വിവേചനപരമാണെന്നാരോപിച്ച് വ്യവസായ പ്രമുഖരടക്കം രംഗത്തെത്തി.