
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) 2023-24 സാമ്പത്തിക വർഷത്തിലെ മൊത്ത വരുമാനത്തിൽ വർധന. 1,014 കോടി രൂപയുടെ മൊത്തവരുമാനമാണ് 2023-24 സാമ്പത്തിക വർഷത്തിൽ ലഭിച്ചത്. 412.58 കോടി രൂപയാണ് അറ്റാദായം.
മുൻ സാമ്പത്തിക വർഷത്തിൽ 770.90 കോടി രൂപയായിരുന്നു സിയാലിന്റെ മൊത്തവരുമാനം. എന്നാൽ, 2023-24 സാമ്പത്തിക വർഷത്തിൽ 31.6 ശതമാനമാണ് വരുമാനം വർധിച്ചത്. നികുതിയ്ക്ക് മുമ്പുള്ള ലാഭം 552.37 കോടി രൂപയാണ്. നികുതി കിഴിച്ച് 412.58 കോടി രൂപയുമാണ് ലഭിച്ചത്.
മുൻവർഷം ഇത് 267.17 കോടി രൂപയായിരുന്നു. 54.4 ശതമാനമായിരുന്നു വർധനവ്. വ്യോമയാന മേഖലയിലെ വളർച്ച ഉൾക്കൊള്ളാൻ വരും വർഷങ്ങളിൽ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. 560 കോടി രൂപ ചെലവിട്ട് നടത്തുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനം, 152 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കൊമേഴ്‌സ്യൽ സോൺ നിർമാണം എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടത്. ആഭ്യന്തര ടെർമിനൽ വലുപ്പം കൂട്ടുന്ന പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്.