109 സാക്ഷികൾ, 80 തെളിവുകൾ; ഷഹബാസ് വധക്കേസിൽ 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

ജുവനൈൽ ജസ്റ്റിസ് ബോർഡ്‌ മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്
109 സാക്ഷികൾ, 80 തെളിവുകൾ; ഷഹബാസ് വധക്കേസിൽ 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
Published on

കോഴിക്കോട് താമരശേരിയിലെ ഷഹബാസ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 1800 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ 109 സാക്ഷികളും, 80 തെളിവുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജുൾപ്പടെ ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡ്‌ മുൻപാകെയാണ് കുറ്റപത്രം സമർപ്പിച്ചത്. തിങ്കളാഴ്ച്ച പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ വിധി പറയാനിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


62 പേരടങ്ങുന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലെ ചാറ്റു വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളും പൊലീസ് തിരിച്ചറിഞ്ഞു. താമരശേരിയിലെ മാളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ ഏറെ നിർണായകമായി. മർദനത്തിന് ശേഷം അക്രമി സംഘം ഈ മാളിന് സമീപമാണ് ഒത്തുച്ചേർന്നത്. താമരശേരി ഹയർ സെക്കന്ററി സ്കൂളിലെ എല്ലാ വിദ്യാർഥികളും കറുത്ത ഷർട്ട് ധരിച്ചായിരുന്നു സംഭവ ദിവസം എത്തിയത്.


കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ ജാമ്യം ഹൈക്കോടതി ആദ്യം തള്ളിയിരുന്നു. ജാമ്യം നൽകിയാൽ വിദ്യാർഥികൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന നിരീക്ഷണത്തെ തുടർന്നാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ലെന്ന് വിലയിരുത്തിയ കോടതി, ജാമ്യം നൽകിയാൽ ക്രമസമാധാന ഭീഷണി ഉണ്ടാകുമെന്നും, കുട്ടികളുടെ ജീവന് ഭീഷണി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു.


കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കുറ്റാരോപിതരായ വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. ഇതിൽ രണ്ട് പേർക്ക് ഫുൾ എപ്ലസും, ഒരാൾക്ക് 7 എപ്ലസും, മറ്റ് മൂന്ന് പേർ ജയിക്കുകയും ചെയ്തിരുന്നു.


ഫെബ്രുവരി 28നായിരുന്നു താമരശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിലെ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഷഹബാസ് കൊല്ലപ്പെട്ടത്. പുറത്ത് പോയി മടങ്ങിയെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും,ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു.

പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും,പിന്നീട് മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിക്കുകയായിരുന്നു. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്ന ഷഹബാസ് പിറ്റേ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.  തലയോട്ടി തകർന്നാണ് ഷഹബാസ് മരിച്ചത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com