
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ട്രക്ക് കണ്ടെത്തിയത് വലിയ പ്രതീക്ഷയാണ് തെരച്ചിൽ സംഘത്തിനും നാട്ടുകാർക്കും കുടുംബത്തിനും ലഭിച്ചത്. ഇന്ന് നടക്കുന്ന തെരച്ചിലിനിടെ അർജുനെ കണ്ടെത്തിയെന്ന വാർത്ത കേൾക്കാനാണ് നാട് കാത്തിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവിയാണ് അർജുൻ്റെ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. വെള്ളത്തിൽ ട്രക്ക് കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബേര ഗൗഡയും വ്യക്തമാക്കിയിരുന്നു. കരയിൽ നിന്നും 20 മീറ്റർ അകലെ പതിനഞ്ച് മീറ്ററോളം പുഴയിൽ താഴ്ന്ന നിലയിലാണ് ട്രക്കുള്ളത്. വാഹനം പുറത്തെത്തിക്കുവാനുള്ള തീവ്രശ്രമം ഇന്നും തുടരും. തെരച്ചിലിനായി സ്കൂബ ടീം എത്തിയിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥാ ദൗത്യത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്.
ക്യാബിനുള്ളിൽ അർജുൻ ഉണ്ടോയെന്ന് ആദ്യം പരിശോധിക്കും. അതിന് ശേഷം മാത്രമേ വണ്ടിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നാണ് സേന അറിയിച്ചിട്ടുള്ളത്.ഡ്രോണുപയോഗിച്ച് രാവിലെ തന്നെ പരിശോധന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.ഇന്നലെ ശക്തമായ അടിയൊഴുക്കും പ്രതികൂല കാലവസ്ഥയും ആയതു കൊണ്ടാണ് രക്ഷാ സേനയ്ക്ക് വാഹനത്തിൻ്റെ അടുത്ത് എത്താൻ സാധിക്കാതെ പോയത്. പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് ദൗത്യം പൂർണമാക്കുമെന്നും സൈന്യം അറിയിച്ചു.
ഒമ്പതാം ദിവസത്തെ തെരച്ചിലിലാണ് ട്രക്ക് കണ്ടെത്തിയത്. എൻഡിആർഎഫിൻ്റെ നാല് യൂണിറ്റുകൾ തെരച്ചിലിനായി സ്ഥലത്തെത്തിയിരുന്നു. മൂന്ന് ബോട്ടുകളിലായി 18 പേരാണ് തെരച്ചിലിനിറങ്ങിയത്. തെരച്ചിലിനായി ബൂം എക്സ്കവേറ്ററും രാവിലെ എത്തിച്ചിരുന്നു. അറുപത് അടി താഴ്ച്ചയിലും ഇരുപത് അടി വീതിയിലും മണ്ണെടുക്കാനാകുന്ന യന്ത്രമാണ് ബൂം ക്രെയിന്‍. ഇത് ഉപയോഗിച്ച് നദിയിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് ട്രക്ക് കണ്ടെത്തിയത്.