
താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിന് സമാനമായ സംഭവം മലപ്പുറത്തും. അരീക്കോട് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരനെ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. വടക്കുംമുറി സ്വദേശി മുഹമ്മദ് മുബീനാണ് മർദനമേറ്റത്. ഡിസംബറിലുണ്ടായ തർക്കത്തിൻ്റെ പക വീട്ടിയതാണെന്ന് മുബീൻ പറഞ്ഞു. ആറ് വിദ്യാർഥികൾക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്പോർട്സ് ക്യാംപ് കഴിഞ്ഞ് മടങ്ങവേ സ്കൂളിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. മർദനത്തിൽ പരിക്കേറ്റ് രക്തം വാർന്നതോടെ വിദ്യാർഥികൾ മടങ്ങിപ്പോയെന്ന് പരിക്കേറ്റ മുബീൻ പറഞ്ഞു. മർദിച്ചതിന് ശേഷം 'അവനെ നല്ലോണം തല്ലി, കണ്ണ് അടിച്ചു പൊട്ടിച്ചു' എന്നൊക്കെ പറയുന്ന വോയിസ് ക്ലിപ്പും പുറത്ത് വന്നു. കണ്ണിനും മുഖത്തും തലക്കും പരിക്കേറ്റ മുബീൻ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ആണ്.
തടഞ്ഞു നിർത്തി ആക്രമിക്കൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ആറ് വിദ്യാർഥികൾക്കെതിരെ അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടു പേർ പത്താം ക്ലാസ് വിദ്യാർത്ഥികളും നാല് പേർ പ്ലസ് ടൂ വിദ്യാർഥികളുമാണ്. വിദ്യാർഥികൾക്കിടയിൽ ഇത്തരം വൈരാഗ്യം പാടില്ലെന്നും താമരശേരിയിൽ ഷഹബാസ് മരിച്ചത് പോലെ മറ്റാർക്കും സംഭവിക്കാതിരിക്കാൻ അക്രമികൾക്ക് ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു.